ന്യൂഡല്‍ഹി: മനുഷ്യ-വന്യ ജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി. വിഷയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്തരം കേസുകളില്‍ സാധാരണക്കാർക്കും കർഷകർക്കും നഷ്‌ടപരിഹാരം വർധിപ്പിക്കുമോ എന്നും കേന്ദ്രത്തോട് പ്രിയങ്ക ആരാഞ്ഞു.
തന്‍റെ വയനാട് മണ്ഡലത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റ വിഷയം ചൂണ്ടിക്കാട്ടിയാണ് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള നഷ്‌ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടത്. എന്നാല്‍ പ്രിയങ്കാ ഗാന്ധി ഉയര്‍ത്തിയ വിഷയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാൻ കേന്ദ്രം തയ്യാറായില്ല. ലോക്‌സഭയില്‍ ലിസ്റ്റ് ചെയ്‌ത ചോദ്യവുമായി പ്രിയങ്ക ഉയര്‍ത്തിയ സപ്ലിമെന്‍ററി ചോദ്യത്തിന് ബന്ധമില്ലെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേരളം, കർണാടക, തമിഴ്‌നാട് അതിർത്തിയില്‍ വരുന്ന വയനാട്ടിൽ ഭരണസംവിധാനവും വനംവകുപ്പും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ പകർപ്പ് വയനാട് എംപിയുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വയനാട്ടിൽ കാട്ടാന ആക്രമണം ഉണ്ടായിരുന്നു. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണമുണ്ടായത്. പ്രദേശത്തെ റിസോർട്ട് നിർമാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയായ പാലക്കാട് സ്വദേശി സതീശന് (40) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പാതിരി കുടിയാൻ മലയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കാട്ടിലൂടെ വരുംവഴിയാണ് ആക്രമണം നടന്നത്. കൂടെയുള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു.
അതേസമയം, പാര്‍ലമെന്‍റില്‍ വയനാടിന്‍റെ ആവശ്യങ്ങള്‍ക്കായി ശബ്‌ദം ഉയര്‍ത്തുമെന്ന് പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. 'നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയേണ്ടതുണ്ട്. രാത്രിയാത്രാ നിരോധനവും മനുഷ്യ വന്യമൃഗ സംഘര്‍ഷവും എല്ലാം എനിക്കറിയാം. ആരോഗ്യസേവനങ്ങളുടെ പരിമിതിയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതയും സംബന്ധിച്ചും എനിക്ക് മനസിലായിട്ടുണ്ട്. ഇതിനെല്ലാം വേണ്ടി പോരാടാനാണ് ഞാന്‍ ഇപ്പോള്‍ ഇവിടെയുള്ളത്. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഇതേക്കുറിച്ചെല്ലാം മനസിലാക്കും. നിങ്ങളുടെ വീടുകളിലേക്ക് ഞാനെത്തും. നിങ്ങളെ ഓരോരുത്തരെയും നേരിട്ട് കാണും. എന്‍റെ ഓഫിസിന്‍റെ വാതിലുകള്‍ എപ്പോഴും നിങ്ങള്‍ക്ക് വേണ്ടി തുറന്നിരിക്കും. ആരെയും നിരാശപ്പെടുത്തില്ല,' എന്ന് വയനാട്ടിലെ ജനങ്ങളോട് പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
Read Also:'വയനാടിന് നീതി വേണം'; പാർലമെൻ്റിൽ കേരള എംപിമാരുടെ പ്രതിഷേധം