എറണാകുളം:തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലു എന്ന ചിത്രത്തിലെ തെലങ്കാന ബൊമലൂ എന്ന ഗാനത്തിലൂടെ കെ ജി മാർക്കോസിനെ വീണ്ടും മലയാളികൾ നെഞ്ചിലേറ്റുകയാണ്. ഒരു ഇടവേളക്കുശേഷം ഇത്തരമൊരു സ്വീകാര്യത ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് കെ ജി മാർക്കോസ് പ്രതികരിച്ചു.
സിനിമയിൽ മാത്രമായിരുന്നു ഇടവേള, കഴിഞ്ഞ ദിവസം വരെയും ഭക്തിഗാനശാഖയുടെ ഒഴിവാക്കാനാകാത്ത ഘടകം തന്നെയായിരുന്നു താൻ. ഗാനലോകത്ത് ജീവിക്കുന്നുണ്ട് പക്ഷേ സിനിമയിൽ എന്തു സംഭവിച്ചു എന്ന് ചോദിച്ചാൽ ഉത്തരമില്ല. 80 കളിലാണ് മലയാള സിനിമയിലേക്കുള്ള തന്‍റെ കടന്ന് വരവ്. ചെറുപ്പകാലം തൊട്ട് തന്നെ സിനിമയോട് അഗാധമായ അഭിനിവേശം ഉണ്ടായിരുന്നു. 80 കളിൽ താൻ മലയാള സിനിമ ലോകത്തേക്ക് കടന്നുവരുമ്പോൾ ദാസേട്ടന്‍റെ സുവർണ്ണ കാലം തന്നെയാണ്.
ദാസേട്ടനൊപ്പം ഒരു ഗായകനായി പിടിച്ചുനിൽക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമായിരുന്നു. മലയാള സംഗീത ശാഖയിൽ തന്നെ ദാസേട്ടൻ പുതിയ പരീക്ഷണങ്ങൾ നടത്തി പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമായി നിലനിൽക്കുമ്പോൾ താനും ഗായകൻ ഉണ്ണിമേനോനും ഒക്കെ കടന്നുവന്നു. നിലനിൽപ്പ് അവതാളത്തിലാണെന്ന് സ്വയം തോന്നിത്തുടങ്ങി. മലയാള സംഗീതശാഖയിൽ പിടിച്ചുനിൽക്കുന്നതിനോടൊപ്പം തന്നെ സമാന്തര സംഗീത ലോകത്തേക്കും ചുവടുറപ്പിച്ചു.
തങ്ങളെ ബൂസ്റ്റ് ചെയ്യാൻ ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ ഒന്നും ഇല്ലല്ലോ. കാസറ്റ് സംഗീതം ഭക്തിഗാനം ഗാനമേള മേഖലകളിൽ സജീവ സാന്നിധ്യമാകാൻ ശ്രമിച്ചു. പിടിച്ചുനിൽക്കണമല്ലോ. ഒരു ഡോക്‌ടറുടെ മകനായി ജനിച്ചുവെങ്കിലും തന്‍റെ പാഷന് പിന്നാലെ പോകാൻ വീട്ടിൽ നിന്ന് ഒരിക്കലും സാമ്പത്തിക സഹായം താനാവശ്യപ്പെട്ടില്ല. തനിക്ക് വേണ്ടത് താൻ തന്നെ ഉണ്ടാക്കണമെന്ന കാഴ്‌ചപ്പാടായിരുന്നു. മലയാളം സിനിമയിൽ എക്കാലവും ഓർമിക്കപ്പെടുന്ന ചില പാട്ടുകളുടെ ഭാഗമായി. എങ്കിലും കൃത്യമായ ഇടവേളകളിൽ സിനിമ തന്നെ കൈവിട്ടു എന്ന് വേണം പറയാൻ.