കണ്ണൂർ: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സർവത്ര വ്യാജ വിവരങ്ങളാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. നവീന്‍ ബാബുവിനെതിരെ പ്രശാന്ത് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തിൻ്റെ പേരും ഒപ്പും വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തുന്നത്.
പമ്പിന് അപേക്ഷ നൽകിയതിൽ അപേക്ഷകന്‍റെ പേര് പ്രശാന്ത് എന്നാണ്. അതേസമയം കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ പ്രശാന്തൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പുകൾ തമ്മിലും വ്യത്യാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരാതിയിൽ പ്രശാന്ത് ആരോപിക്കുന്നത് പെട്രോൾ പമ്പിന് 8ാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് 9ാം തീയ്യതി വൈകിട്ട് 3 മണിക്കാണ്.
ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു. 98500 രൂപ നൽകിയെന്നായിരുന്നു പ്രശാന്ത് പരാതിയില്‍ പറഞ്ഞത്. അതിനിടെ നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കലക്‌ടറെ മാറ്റി.