മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് പൊന്നാനി ലോക്‌സഭ മണ്ഡലം. മുസ്‌ലിം ലീഗിന് അതിശക്തമായ വേരുകളുള്ള ലീഗിന്‍റെ 'പൊന്നാപുരം കോട്ട'. 1977 ന് ശേഷം മുസ്‌ലിം ലീഗല്ലാതെ ഇവിടെ വിജയിച്ചിട്ടില്ല. പൊന്നാനിയിലെ സിറ്റിങ് എംപിയും ഹാട്രിക് വിജയിയുമായ ഇടി മുഹമ്മദ് ബഷീര്‍ ഇത്തവണ മണ്ഡല മാറ്റം ആവശ്യപ്പെട്ടപ്പോള്‍ അബ്‌ദുസ്സമദ് സമദാനിയെയാണ് പാര്‍ട്ടി പൊന്നാനിയില്‍ ഇറക്കിയത്.
1994 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്ന സമദാനി 2021-ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ലോക്‌സഭയിലെത്തിയിരുന്നു. ഇടി മുഹമ്മദ് ബഷീറിനെ കഴിഞ്ഞ തവണ 51.30% ശതമാനം വോട്ടുകളോടെ വിജയിപ്പിച്ച പൊന്നാനിയില്‍ ലീഗില്‍ ഇക്കുറിയും ആത്മവിശ്വാസം പ്രകടമാണ്.
എന്നാല്‍ അളന്ന് മുറിച്ചുള്ള സിപിഎം സ്ഥാനാര്‍ഥിത്വം ലീഗിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. സിമ്മിന്‍റെ സ്വതന്ത്ര പരീക്ഷണം തന്നെയാണ് ഇത്തവണയും പൊന്നാനിയില്‍ ഉണ്ടായത്. ലീഗില്‍ നിന്ന് പുറത്തായ കെഎസ് ഹംസയാണ് സിപിഎമ്മിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി. ഇകെ വിഭാഗത്തിന്‍റെ ഇഷ്‌ടക്കാരനാണ് കെഎസ് ഹംസ. അത്‌കൊണ്ട് തന്നെ ലീഗിന്‍റെ പൊന്നാപുരം കോട്ടയുടെ അടിത്തറയ്ക്ക് ഇത്തവണ ഇളക്കം തട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.