പാലക്കാട് :കഞ്ചാവ് കൃഷി നശിപ്പിക്കാൻ പോകുന്നതിനിടയില്‍ വഴിതെറ്റി വനത്തില്‍ കുടുങ്ങിയ 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി (Police Team Gets Lost Inside Kerala Forest). അഗളി ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് വനത്തില്‍ കുടുങ്ങിയത്. അട്ടപ്പാടി വനത്തിൽ കഞ്ചാവ് കൃഷി നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം വനത്തില്‍ എത്തിയത്.
ചൊവ്വാഴ്‌ച (30-01-2024) പുലര്‍ച്ചെയാണ് സംഘം കാട്ടിലേക്ക് പോയത്. വനത്തിൽ പരിശോധന നടത്തി കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ഡിവൈഎസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. പലയിടത്തും മൊബൈൽ നെറ്റ്‌വർക്കുകൾ ലഭ്യമല്ലെന്നും കണക്റ്റിവിറ്റി ലഭിച്ചപ്പോൾ വനം വകുപ്പിനെ വിവരമറിയിക്കുകയും അവര്‍ ദ്രുതപ്രതികരണ സംഘത്തെ (ആർആർടി) അയച്ചതായും അദ്ദേഹം പറഞ്ഞു.
പുതൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ജയപ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അന്‍വര്‍, സുബിന്‍, വിശാഖ്, ഓമനക്കുട്ടന്‍, സുജിത്ത്, രാഹുല്‍ എന്നിവരും അട്ടപ്പാടി റേഞ്ചിലെ മുക്കാലി ഫോറസ്‌റ്റ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് ബീറ്റ് ഫോറസ്‌റ്റ് ഓഫീസര്‍മാരും മൂന്ന് വാച്ചര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.