അടൂരിൽ പൊലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക് പത്തനംതിട്ട: അടൂരിൽ ട്രാവലറും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. അടൂർ-ഭരണിക്കാവ് ദേശീയ പാതയിൽ നെല്ലിമുകൾ ജങ്‌ഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എംഎം ജോസ്, ഡ്രൈവർ നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഏറ്റുമാനൂർ കളത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ സൺഡേ സ്‌കൂൾ അധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. വൈദികരുൾപ്പെടെ ട്രാവലറിലുണ്ടായിരുന്ന 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്‌ച (ഏപ്രിൽ 30) രാവിലെ 11.30 ഓടെയാണ് സംഭവം.
കോട്ടയം ഭാഗത്തു നിന്നും കൊല്ലം മൺറോ തുരുത്തിലേക്ക് പോവുകയായിരുന്ന ട്രാവലറും കടമ്പനാട് ഭാഗത്തു നിന്നും അടൂർ ഭാഗത്തേക്ക് വരുകയായിരുന്ന ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഡിവൈഎസ്‌പി എംഎം ജോസിനേയും, ഡ്രൈവറേയും അടൂർ ലൈഫ് ലൈൻ ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും സമീപത്തെ മതിലില്‍ ഇടിച്ച് നിൽക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്‍റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Also Read: വേമ്പനാട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി ; ഒഴിവായത് വന്‍ അപകടം