കോഴിക്കോട്: ഒന്നര വയസുള്ള കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്. താമരശേരി സ്വദേശിനിയായ യുവതിയെയും മകനെയുമാണ് പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ വീട്ടിൽ തിരിച്ചെത്തിച്ചത്. താമരശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനുകളുടെയും പിങ്ക് പൊലീസിൻ്റെയും ഇടപെടലിന്‍റെ ഫലമായാണ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
ചൊവ്വാഴ്‌ച (ഓഗസ്റ്റ് 27) ഉച്ചയോടെയാണ് യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും കാണാതായത്. ഇതേ തുടര്‍ന്നാണ് കുടുംബം താമശേരി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. സൈബർ പൊലീസിന്‍റെ സഹായത്തോടെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇവർ ഉള്ള്യേരി ഭാഗത്താണുള്ളതെന്ന് കണ്ടെത്തി.
തുടർന്ന് ഈ പരിധിയിലുള്ള അത്തോളി പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കൊയിലാണ്ടി ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്ന് കണ്ടെത്തി.യുവതിയുടെ ഫോണ്‍ നമ്പറിലേക്ക് പൊലീസുകാര്‍ വീണ്ടും വിളിച്ചെങ്കിലും ഇവർ ഫോൺ എടുത്തില്ല. എന്നാല്‍ പിന്നീട് തിരികെ വിളിച്ച യുവതി താൻ കുഞ്ഞുമായി ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു.