തിരുവനന്തപുരം: കൊല്ലം നിലമേലിൽ കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകരോട് ചാൻസിലർ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെ പോലെയെന്നും കേന്ദ്രസേനയെ ഇറക്കിയാലും പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. മാന്യതയും, നിലവാരവും ഇല്ലാതെ സർവകലാശാല ചാൻസിലർ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് ജനങ്ങൾ മറുപടി പറയും. പ്രതിഷേധിച്ചവർക്കെതിരെ 124 ചുമത്തേണ്ട ഒരു കുറ്റവും അവിടെ നടന്നിട്ടില്ല.
ചട്ടവിരുദ്ധമായി ചാൻസിലർ നടത്തിയ ഇടപെടലിനെതിരെയാണ് പ്രതിഷേധം. അക്രമസംഭവങ്ങൾ അരങ്ങേറുക എന്ന രീതിയോടെ ചെയ്‌ത നടപടിയാണ് ഗവർണറുടേത്. സമാധാനപരമായി സമരം ചെയ്‌തവർക്ക് നേരെ പാഞ്ഞടുത്തത് ഗവർണർ ആണ് ഒരു അക്രമരീതിയും എസ് എഫ് ഐ പ്രവർത്തകർ നടത്തിയിട്ടില്ല. ഇനിയും സമരവുമായി മുന്നോട്ട് പോകുമെന്നും സമരത്തിൽ ഗുരുതര കേസുകൾ ഉണ്ടാകും എന്ന ബോധ്യം ഉണ്ടെന്നും ആർഷോ വ്യക്തമാക്കി.