കോഴിക്കോട് :പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധക്കളമായി മലബാർ. മൂന്നാം ഘട്ട അലോട്ട്മെന്‍റ് പൂർത്തിയായപ്പോഴും ആയിരക്കണക്കിന് വിദ്യാർഥികളാണ് തുടർ പഠനത്തിന് അവസരം ലഭിക്കാതെ പുറത്ത് നിൽക്കുന്നത്. എന്നാൽ രൂക്ഷമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല. ഇനി സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ മാത്രമാണ് വിദ്യാർഥികളുടെ ഏക പ്രതീക്ഷ.
പ്രതിസന്ധി എങ്ങിനെ?
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിൽ 82,446 വിദ്യാർഥികളാണ് പ്ലസ് വൺ സീറ്റിന് വേണ്ടി അപേക്ഷിച്ചത്. ഇതിൽ മൂന്ന് ഘട്ടങ്ങളിലായി 50,036 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു. അപ്പോഴും ഒരു ജില്ലയിൽ മാത്രം 32,410 വിദ്യാർഥികൾ പുറത്താണ്.
മെറിറ്റിൽ ഇനി അവശേഷിക്കുന്നത് 44 സീറ്റുകൾ മാത്രമാണ്. മാനേജ്മെന്‍റ്, സ്പോർട്‌സ്, കമ്മ്യൂണിറ്റി ക്വാട്ടകൾ ഉൾപ്പടെ ചേർത്താലും ലഭിക്കുക 6437 സീറ്റുകൾ. ഇത് ഉൾപ്പെടെ പരിഗണിച്ചാലും 25973 വിദ്യാർഥികളുടെ തുടർ പഠനം പ്രതിസന്ധിയിലാകും.
സീറ്റ് പ്രതിസന്ധിയില്‍ വലഞ്ഞ് വിദ്യാര്‍ഥികള്‍ (ETV Bharat) ഈ വിദ്യാർഥികൾക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. സ്വകാര്യ മേഖലയെ ആശ്രയിച്ചാലും മലപ്പുറം ജില്ലയിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കാരണം ജില്ലയിൽ അൺ എയ്‌ഡഡ് മേഖലയിൽ ശേഷിക്കുന്നത് 10877 സീറ്റുകളാണ്. ഇത് പരിഗണിച്ചാലും 15096 വിദ്യാർഥികൾ പുറത്ത് തന്നെ.
പ്രക്ഷോഭം ശക്തമാവുന്നു:സീറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമില്ലാതെ വരുന്നത് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പക്ഷേ പരിഹാരത്തിന് ശ്രമമൊന്നും നടക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിദ്യാർഥി സംഘടനകൾ സമരം ശക്തമാക്കുന്നത്.
ഈ മാസം 25ന് ഫ്രട്ടേണിറ്റി മൂവ്മെന്‍റിന്‍റെയും 26ന് കെഎസ്‌യുവിന്‍റെയും നേതൃത്തിൽ മലപ്പുറം കലക്‌ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും. എംഎസ്എഫും സമര പാതയിലാണ്. കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് സമരം ശക്തമാകുന്നത്.
Also Read : പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്