പത്തനംതിട്ട:ശബരിമലയിൽ വൻ ഭക്‌തജനത്തിരക്ക്. വെർച്വൽ ക്യൂവിലും സ്പോട്ട് ബുക്കിങിലും നിശ്ചയിച്ച പരിധിയും കടന്ന് തീർഥാടകരെത്തി. നീണ്ട ക്യൂവോ അനിയന്ത്രിതമായ തിരക്കോ ഇല്ലാതെ ദർശനം നടത്തിയാണ് ഭക്‌തർ മലയിറങ്ങിയത്. വെർച്വൽ ക്യൂവിലൂടെ 70000 തീർഥാടകരെയും സ്പോട്ട് ബുക്കിങിലൂടെ 10000 തീർഥാടകരെയും ദിവസവും കടത്തിവിടാനാണ് അധികൃതർ കണക്കാക്കിയതെങ്കിലും മിക്ക ദിവസങ്ങളിലും ഇതിലേറെ തീർഥാടകർ എത്തുന്നുണ്ട്.
ഈ മാസം 22നാണ് ഏറ്റവുമധികം തീർഥാടകർ എത്തിയത്. 83385 ഭക്‌തരാണ് രാത്രി 11 മണി വരെ സന്നിധാനത്തെത്തിയത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്‌ത 71687 പേരും സ്പോട്ട് ബുക്കിങിലൂടെ 11698 പേരുമാണ് 22ന് ദർശനം നടത്തിയത്. വെർച്വൽ ക്യൂവിലൂടെ 80000വും സ്പോട്ട് ബുക്കിങിലൂടെ 10000വും ഉൾപ്പെടെ നിത്യേന 90000 പേർക്ക് ദർശനത്തിന് അവസരം ഒരുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ വർഷത്തെപ്പോലെ തിരക്ക് നിയന്ത്രണാതീതമാകുമോ എന്ന ആശങ്കയയെ തുടർന്നാണ് ദേവസ്വം ബോർഡ് എണ്ണത്തിൽ കുറവ് വരുത്തിയത്. ഇതിനെതിരെ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ ബോർഡ് നിശ്ചയിച്ചതിലുമധികം തീർഥാടകർ ദർശനത്തിനെത്തുമ്പോഴും വലിയ ക്യൂ രൂപപ്പെടുകയോ, അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയോ ചെയ്യുന്നില്ല.