അഷ്റഫ് സഫ ഇടിവി ഭാരതിനോട് (ETV Bharat) കൊല്ലം:പെട്രോൾ പമ്പുകളിലെ ജീവനക്കാർക്കെതിരെ രാത്രികാലങ്ങളിൽ അക്രമങ്ങൾ പതിവാകുകയാണ്. മദ്യപിച്ചെത്തുന്ന സാമൂഹ്യ വിരുദ്ധർ പെട്രോൾ പമ്പ് ജീവനക്കാരെ അക്രമിക്കുകയും പണം കവരുകയും ചെയ്‌ത നിരവധി സംഭവങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെയുണ്ടായിട്ടുണ്ട്.
പെട്രോൾ പമ്പുകൾക്ക് സംരക്ഷണമൊരുക്കണമെന്ന് സർക്കാരിനോട് നിരവധി തവണ പമ്പ് ഉടമകൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് മുതൽ പൊതുമേഖല പെട്രോൾ പമ്പുകളുടെ രാത്രി കാലങ്ങളിലെ പ്രവർത്തനം നിർത്താനൊരുങ്ങുകയാണ് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്.
സംസ്ഥാനത്ത് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിങ്ങനെ പൊതുമേഖല ഇന്ധന കമ്പനികളുടേതായി 3500ലധികം പെട്രോൾ പമ്പുകളാണ് പ്രവർത്തിക്കുന്നത്. ഒരു പമ്പിൽ 10 ജീവനക്കാരാണുള്ളത്. താരതമ്യേന തുച്ഛമായ ശമ്പളത്തിലാണ് ഇവർ ജോലി ചെയ്യുന്നത്.
രാത്രി കാലങ്ങളിൽ പരമാവധി മൂന്ന് ജീവനക്കാർ മാത്രമാണ് പമ്പുകളിൽ ഉണ്ടാകുക. ഈ സാഹചര്യം മുതലെടുത്ത് എത്തുന്നവർ ഏറെയാണ്. കഴിഞ്ഞയാഴ്‌ച കണ്ണൂരിൽ പൊലീസുകാരൻ പമ്പ് ജീവനക്കാരനെ കാറിൻ്റെ ബോണറ്റിൽ ഇടിച്ചു കയറ്റിയതാണ് അവസാന സംഭവം.
ഇത്തരം വിഷയങ്ങളിൽ സർക്കാരിന്‍റെ സംയോജിത ഇടപെടൽ ഉണ്ടാവാത്തതിനാൽ രാത്രി കാലങ്ങളിൽ പെട്രോൾ പമ്പുകളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ട സാഹചര്യമാണെന്നാണ് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് സഫ പറയുന്നത്. രാത്രികാല പ്രവർത്തനം അവസാനിപ്പിക്കുന്നത് ഏറെ ബാധിക്കുന്നത് ദീർഘദൂര യാത്രികരെയാണ്. ഇന്ധന സെസ് മൂലം കേരളത്തിലെ പെട്രോൾ പമ്പുകളെ കൈവിട്ടു തുടങ്ങിയ അന്യസംസ്ഥാന വാഹനങ്ങളും ഇതോടെ പൂർണമായി കളം വിടും.
Also Read: വടക്കാഞ്ചേരി പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്