കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസ്: വാദം പൂര്‍ത്തിയായി, വിധി പ്രഖ്യാപനം ഡിസംബര്‍ 28ന് - PERIYA DOUBLE MURDER CASE VERDICT

2019ലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലോട്ടെ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

PERIYA MURDER CASE UPDATES  പെരിയ ഇരട്ടക്കൊലപാതകം  PERIYA TWIN MURDER CASE  MALAYALAM LATEST NEWS
Kripesh, Sarath Lal (ETV Bharat)

By ETV Bharat Kerala Team

Published : Dec 23, 2024, 7:24 PM IST

എറണാകുളം:പെരിയ ഇരട്ടക്കൊലക്കേസിൽ എറണാകുളം സിബിഐ കോടതി ഈ മാസം 28ന് വിധി പറയും. 2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലോട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതിയിൽ വാദം പൂർത്തിയാക്കി വിധി പറയുന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം നടന്ന് ആറ് വർഷം പൂർത്തിയാകാനിരിക്കെയാണ് കേസിൽ വിധി വരുന്നത്.

ഈ കേസില്‍ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. സിപിഎം ജില്ലാ നേതാക്കൾ ഉൾപ്പടെ പ്രതികളായ കേസിൽ 2023 ഫെബ്രുവരിയിലാണ് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. പെരിയ മുൻ ലോക്കൽ ക്കമ്മിറ്റി അംഗം എ പീതാംബരൻ ഒന്നാം പ്രതിയായ കേസിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം മുൻ ഉദുമ ഏരിയ സെക്രട്ടറിയുമായ കെ മണികണ്‌ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ആയിരുന്ന എൻ ബാലകൃഷ്‌ണൻ, പാക്കം ലോക്കൽ സെക്രട്ടറി ആയിരുന്ന രാഘവൻ വെളുത്തോളി ഉൾപ്പടെ 24 പേരാണ് ഇരട്ടക്കൊല കേസിലെ പ്രതിപ്പട്ടികയിലുള്ളത്.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശ പ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസിൽ സിബിഐ അന്വേഷണം തടയുന്നതിന് സുപ്രീം കോടതി വരെ സംസ്ഥാന സർക്കാർ നിയമ പോരാട്ടം നടത്തിയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. പെരിയ കേസിലെ കോടതി വിധി സിപിഎമ്മിനും സർക്കാരിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

ABOUT THE AUTHOR

...view details