കാസർകോട്:ആരെയും മയക്കുന്ന പീലിയും ആട്ടവുമായി കൂട്ടത്തോടെ നാട്ടിൻപുറങ്ങളിലേക്ക് എത്തുന്ന മയിലിനെ കാത്തിരിക്കുന്നത് മരണമാണ്. അപകടങ്ങളിൽ മയിലുകൾ ചാവുന്നത് ഇപ്പോൾ സ്ഥിരമായി കണ്ടുവരുന്ന ഒരു കാഴ്‌ചയാണ്. റെയിൽവേ ട്രാക്കുകളിലും റോഡരികിലുമാണ് ഇവയെ കൂടുതലും ചത്ത നിലയില്‍ കാണപ്പെടുന്നത്.
പ്രഭാത സവാരിക്ക് ഇറങ്ങുമ്പോൾ ഒരു കിലോമീറ്റർ ദൂരത്ത് ഒരു മയിലിനെയെങ്കിലും റോഡരികിൽ ചത്ത് കിടക്കുന്നത് കാണാമെന്ന് മൊഗ്രാൽ സ്വദേശി റാഷിദ് പറയുന്നു. ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ അപൂർവമായി കണ്ടിരുന്ന മയിൽ ഇന്ന് കാടിറങ്ങി നാട്ടിൻപുറങ്ങളിലേക്കെത്തുകയാണ്. ദേശീയ പക്ഷിയാണെങ്കിലും മയിലുകളുടെ എണ്ണം ജില്ലയിൽ പെരുകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇത് കർഷകരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാകുന്നുണ്ട്. കൃഷിയിടത്ത് ഇറങ്ങിയാൽ വിത്ത് പോലും വയ്‌ക്കില്ല. എല്ലാം കൊത്തിയെടുക്കും. തൈ മുളപ്പിക്കാനുള്ള വിത്തുകള്‍ പോലും ലഭിക്കില്ലെന്നും കർഷകനായ നാരായണൻ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കേണ്ട മയിലുകളാണ് നാട്ടിൻപുറങ്ങളിൽ ഇപ്പോൾ കൂട്ടമായെത്തുന്നത്. കൂടുതലും തീവണ്ടിയും വാഹനങ്ങളും ഇടിച്ചാണ് ചത്തുപോകുന്നത്.
മൊഗ്രാൽപുത്തൂർ, മൊഗ്രാൽ, കുമ്പള ഭാഗങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങളായി മയിൽക്കൂട്ടങ്ങളെ കണ്ടുവരുന്നുണ്ട്. കൂടുതലും റെയിൽപാളങ്ങളിലൂടെയാണ് സഞ്ചാരം. നാട്ടിൻപുറങ്ങളിൽ രൂപപ്പെട്ട കുറ്റിക്കാടുകൾ തേടിയാണ് മയിലുകളുടെ വരവെങ്കിലും ഇവ തീവണ്ടി അല്ലെങ്കിൽ മറ്റ് വാഹനാപകടങ്ങളിൽപ്പെട്ട് ചത്ത് പോകുന്നത് നോവുന്ന കാഴ്‌ചയാണ്.
മയിലുകളുടെ വശ്യമനോഹാരിത ഏവരെയും ആകർഷിക്കുന്ന ഘടകമായതുകൊണ്ട് തന്നെ നാട്ടിൻപുറങ്ങളിലെത്തിയാൽ ഇത് കാണാൻ കുട്ടികൾ അടക്കമുള്ളവർ തടിച്ചുകൂടും. പീലിവിടർത്തിയുള്ള ആട്ടം മൊബൈൽ ഫോണുകളിൽ പകർത്തും. നേരത്തെ മയിലുകൾ പാലക്കാട്, തൃശൂർ ജില്ലകളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോൾ കാസർകോട് ജില്ലയും മയിലുകളുടെ നാടായി മാറിക്കഴിഞ്ഞു. മലയോരങ്ങളിലും മയിലുകൾ കൂടി വരികയാണ്.
കാലാവസ്ഥ വ്യതിയാനത്തിൽ ചൂട് കൂടുന്നതിൻ്റെ ഫലമായിട്ടാണ് ഇത്തരത്തിൽ മയിലുകൾ നാട്ടിൻപുറങ്ങളിൽ കൂട്ടമായി എത്തുന്നതെന്നാണ് പരിസ്ഥിതി, പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ മഞ്ഞ് കാലത്തും മഴക്കാലത്തും മയിലുകൾ കൂട്ടമായി വീട്ടുപടിക്കൽ എത്തുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇവയെ നിയന്ത്രിക്കാനും അപകടങ്ങളിൽ നിന്ന് രക്ഷിക്കാനും വനം വകുപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്.
Also Read:മയില്‍ ഇറച്ചി കഴിക്കാനൊരു തോന്നല്‍, വീട്ടുമുറ്റത്തേക്ക് എത്തിയ 'ദേശീയ പക്ഷി'യെ ഒറ്റയേറില്‍ വീഴ്‌ത്തി തോമസ്; ഒടുവില്‍ കിട്ടിയത് മുട്ടൻപണിയും