കണ്ണൂർ :പയ്യന്നൂർ കോളജിലെ ബോട്ടണി വിദ്യാർഥികൾക്ക് കൂൺ കൃഷി പ്രായോഗിക പാഠമാണ്. കോളജിൽ തന്നെ വിത്തും കൂണും ഉത്പാദിപ്പിച്ച് തങ്ങളുടേതായ ബ്രാൻഡിനെ വിപണിയിൽ എത്തിക്കുകയാണ് ഇവർ. മെറി മഷ്റൂം എന്ന പേരിൽ അവതരിപ്പിച്ച ഈ സംരംഭത്തിന് ആവശ്യക്കാരും ഏറെയാണ്. മൂന്നുവർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2020-2021 കാലത്ത് കോളജിൽ കൂൺ കൃഷിയിൽ 30 മണിക്കൂർ സർട്ടിഫിക്കറ്റ് കോഴ്‌സ് ആയാണ് പരിശീലനം തുടങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യഘട്ടത്തിൽ വിദ്യാർഥികളുടെ വീടുകളിൽ ആയിരുന്നു കൃഷി. ഇതിന്‍റെ തുടർച്ചയായാണ് ക്യാമ്പസിനകത്ത് ഒരിടം എന്ന ചിന്തയിൽ കോളജിൽ ലാബിലേക്ക് ഇത് മാറ്റിയത്. കൂൺ കൃഷിയെന്ന സംരംഭം കോളജിൽ ആരംഭിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായിരുന്നു ഇത്. അധ്യാപികയായ ഡോക്‌ടർ പി സി ദീപമോൾ ആശയത്തിന് ജീവൻ പകർന്നു. സഹപ്രവർത്തകരും മാനേജ്മെന്‍റും വിദ്യാർഥികളും പൂർവ വിദ്യാർഥികളും ഒപ്പം കൂടിയപ്പോൾ പദ്ധതി വൻ ഹിറ്റായി.
കഴിഞ്ഞ ജൂലൈയിലാണ് കൃഷി ആരംഭിച്ചത്. വിത്ത് കണ്ടെത്തലായിരുന്നു തുടക്കത്തിലെ വെല്ലുവിളി. സ്വന്തം നിലയിൽ വിത്തുത്‌പാദിപ്പിച്ച് അത് പരിഹരിച്ചു. പലകയിൽ വൈക്കോല്‍ ബെഡുകൾ തയാറാക്കിയുള്ള പരമ്പരാഗത രീതിയും കോളജ് ആദ്യ ഘട്ടത്തിൽ പരീക്ഷിച്ചിരുന്നു. കോളജിൽ ഒരു ലാബ് കൂടി അനുവദിച്ച് 50 ബെഡുകളിൽ കൃഷി തുടങ്ങി. നാലുമാസത്തെ കൃഷി വിജയകരമാണെന്നാണ് അധ്യാപകരും വിദ്യാർഥികളും ഒരേ സ്വരത്തിൽ പറയുന്നത്.
കൂടുതൽ ആദായകരവും ഉത്‌പാദനക്ഷമതയും കൂടിയ ബെഡുകൾ തയാറാക്കുന്ന പരീക്ഷണത്തിൽ ആണ് ഇന്ന് വിദ്യാർഥികൾ. പയ്യന്നൂരിലെയും പിലാത്തറയിലെയും സൂപ്പർമാർക്കറ്റുകളിൽ നിന്നടക്കം മെറി മഷ്‌റൂമിനു ഓർഡർ ലഭിക്കുന്നുണ്ട്. വിദ്യാർഥികളെ സംരംഭകരാക്കുന്നതിനപ്പുറം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിന് കൃഷിയിലെ ആദായം പ്രയോജനപ്പെടുത്തുക എന്നതാണ് ബോട്ടണി വിഭാഗത്തിന്‍റെ ലക്ഷ്യം. ക്യാമ്പസിന് പുറത്ത് വീട്ടമ്മമാർക്ക് കൂടി പരിശീലനം നൽകി കൂടുതൽ പ്രചാരം ഉണ്ടാക്കാനും കോളജ് ലക്ഷ്യമിടുന്നു.