ബെംഗളൂരു:ഓടുന്ന ട്രെയിനിൽ നിന്ന് വീണ് മരിച്ച യാത്രക്കാരിയുടെ കുടുംബത്തിന് റെയിൽവേ നഷ്‌ടപരിഹാരം നൽകണമെന്ന് കര്‍ണാടക ഹൈക്കോടതി. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവേ വീണു മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‌കാൻ വിസമ്മതിച്ച റെയിൽവേ നഷ്‌ടപരിഹാര ട്രൈബ്യൂണലിന്‍റെ നടപടിയ്‌ക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ചന്നപട്ടണ സ്വദേശിയായ റോജാമണിയും കുടുംബവുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
2014 ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. റോജാമണിയുടെ ബന്ധു ജയമ്മയാണ് ഓടുന്ന ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവേ വീണ് മരിച്ചത്. ജയമ്മയുടെ കുടുംബത്തിന് റെയിൽവേ നഷ്‌ടപരിഹാരം നിഷേധിച്ചിരുന്നു.
നഷ്‌ടപരിഹാരം നിഷേധിച്ചതിനെതിരെ നല്‍കിയ ഹർജി പരിഗണിച്ച ജസ്‌റ്റിസ് എച്ച് പി സന്ദേശ് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജയമ്മയുടെ കുടുംബത്തിന് 7 ശതമാനം വാർഷിക പലിശ സഹിതം 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ റെയിൽവേ വകുപ്പിനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിനു പുറമെ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ യാത്രക്കാരൻ മരിച്ചാൽ നഷ്‌ടപരിഹാരം നൽകേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
മരിച്ച ജയമ്മ സഹോദരിയോടൊപ്പം തെറ്റായ ട്രെയിനിൽ കയറുകയായിരുന്നു. അബദ്ധം സംഭവിച്ചെന്ന് മനസിലാക്കിയപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. തുടർന്ന് പെട്ടന്ന് സ്‌റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരുക്കേറ്റ ജയമ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ ജയമ്മയുടെ കുടുംബത്തിന് ഉചിതമായ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.