കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പൊലീസുകാരന് മുൻകൂർ ജാമ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസറായിരുന്ന ശരത് ലാലിനാണ് കോടതി മുൻകൂർ ജാമ്യം നല്‍കിയത്. മുഖ്യപ്രതിയെ വിദേശത്തക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്നതാണ് ശരത് ലാലിനെതിരായ കേസ്. ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. ശരത് ലാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നേരത്തെ നീട്ടിവയ്ക്കുകയായിരുന്നു. ഇന്ന് അപേക്ഷ വീണ്ടും പരിഗണിച്ചാണ് കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യപ്രതിയായ രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്‌തിരുന്നു.