തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയതയ്‌ക്കെതിരെയാണെന്നും വെറുപ്പിന്‍റെ അങ്ങാടിയില്‍ സ്‌നേഹത്തിന്‍റെ കട തുറക്കുകയാണ് ജനങ്ങള്‍ ചെയ്‌തതെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി. ബലി പെരുന്നാള്‍ ദിവസത്തില്‍ രാവിലത്തെ നമസ്‌കാരത്തിന് ശേഷം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞു.
അയോധ്യ നിര്‍മ്മിച്ച സ്ഥലത്ത് പോലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ചരിത്രത്തെ കാവിവല്‍ക്കരിക്കാന്‍ ഉള്ള ശ്രമത്തില്‍ നിന്ന് എന്‍സിഇആര്‍ടി പിന്മാറണം. എന്‍സിആര്‍ടി യില്‍ നിന്ന് ബാബരി മസ്‌ജിദിന്‍റെ പേര് വെട്ടിമാറ്റി. കുട്ടികളെ ശരിയായ ചരിത്രം പഠിപ്പിക്കണം. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാല്‍ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യും.
രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിന്‍റെ ഫലം ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തിന്‍റെ സുമനസുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മാസങ്ങള്‍ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. ഭരണകൂടം നിഷ്‌ക്രിയരായി.