കോഴിക്കോട്: പുരസ്കാര തിളക്കത്തില്‍ വീണ്ടും കൊയിലാണ്ടി അഗ്നിരക്ഷാ നിലയം. സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ 2025ലെ ഫയർ സർവീസ് മെഡലിന് അര്‍ഹരായ അഞ്ച് പേരില്‍ ഒരാള്‍ കൊയിലാണ്ടി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് പി കെ ബാബുവാണ്. അവാര്‍ഡ് നേട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും ഇരട്ടി സന്തോഷം.
1999ല്‍ സര്‍വീസില്‍ ജോയിന്‍ ചെയ്ത ബാബു 2017ല്‍ കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് ആരംഭിച്ചത് മുതല്‍ ഇവിടെയുണ്ട്. അതിനിടെ പ്രമോഷന് ലഭിച്ചതോടെ മുക്കത്ത് രണ്ട് വര്‍ഷക്കാലം ജോലി ചെയ്തു. പിന്നീട് തിരിച്ച് കൊയിലാണ്ടിയിലേക്ക് തന്നെ എത്തി. 26 വര്‍ഷത്തെ സേവനത്തിനിടെ പലരെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കടലുണ്ടി തീവണ്ടി ദുരന്തം, മിഠായിത്തെരുവിലെ വിവിധ കാലങ്ങളിൽ നടന്ന തീപിടുത്തങ്ങൾ, 2018, 2019 കാലത്തെ വെള്ളപ്പൊക്ക സമയത്തെ ധീരമായ രക്ഷാപ്രവർത്തനങ്ങൾ, കോഴിക്കോട് ഐസ് പ്ലാന്റിൽ അമോണിയം ചോർന്നതിനെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനം, 2024 മഴക്കാലത്ത് ബാലുശ്ശേരി മഞ്ഞപ്പാലം പുഴക്ക് കുറുകെ വടം കെട്ടി തൂങ്ങി മറുകര എത്തി കുടുംബത്തെ ഇക്കരെ എത്തിച്ച രക്ഷാപ്രവർത്തനം, നൂറുകണക്കിന് കിണർ അപകടങ്ങള്‍ തുടങ്ങി ഇക്കാലയളവിനുള്ളില്‍ കേരളം ഞെട്ടിയ പല അപകടങ്ങളിലും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബാബുവും മുന്‍പന്തിയിലുണ്ടായിരുന്നു.
'ഇതിനുമപ്പുറത്തേക്ക് ഒരു അവാര്‍ഡില്ല. ഒരു ഫയര്‍ ഫോഴ്സുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ അവാര്‍ഡാണ് രാഷ്ട്രപ്രതിയുടെ അവാര്‍ഡ്. അതുകൊണ്ടു തന്നെയും ഏറെ സന്തോഷമുണ്ട്' അദ്ദേഹം പറഞ്ഞു. അടുത്തിടെ നടത്തിയ മഞ്ഞപ്പാലത്തെ അത്യന്തം അപകടരമായ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു.
കുത്തിയൊഴുകുന്ന പുഴയിലൂടെ മറുകരയില്‍ പെട്ടുപോയ അമ്മയെയും മകനെയും രക്ഷപ്പെടുത്തിയത് ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ രക്ഷാപ്രവര്ത്തനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021ൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിനും പി കെ ബാബു അര്‍ഹനായിരുന്നു.
നിലവിൽ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസറായ അദ്ദേഹം ഈ വർഷം ഏപ്രിൽ മാസത്തിൽ വിരമിക്കും. കൊയിലാണ്ടി പെരുവട്ടൂർ പീടിക കണ്ടി ഹൗസിലാണ് താമസം. ബിന്ദുവാണ് ഭാര്യ. യദുകൃഷ്ണ, മാളവിക എന്നിവർ മക്കളാണ്.