എറണാകുളം :കഴിഞ്ഞ ഇരുപത്തിയേഴ് വർഷമായി മാവേലി വേഷം കെട്ടുന്ന ഒരാളുണ്ട് അങ്ങ് പാലയിൽ. പാലാ ഷാജി എന്ന മാവേലി ഷാജി. സ്ഥിരമായി മാവേലി വേഷം കെട്ടിയാണ് പാലാ ഷാജി മാവേലി ഷാജിയായത്. ഇത്തവണയും ഷാജി പതിവ് തെറ്റിച്ചില്ല. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ അത്ത ചമയ ഘോഷയാത്രയിൽ മാവേലിയായി ഷാജിയെത്തി. കഴിഞ്ഞ പതിമൂന്ന് വർഷമായി അത്ത ചമയ ഘോഷയാത്രയിലും ഷാജി മാവേലിയായി വേഷം കെട്ടിയിട്ടുണ്ട്.
ചിങ്ങം പിറന്നാൽ ഷാജിക്ക് പിന്നെ മാവേലിയാകാനുള്ള തിരക്കാണ്. ഇരുപത്തിയേഴ് വർഷം മുമ്പ് തുറവൂരിലെ കലാ-സാംസ്‌കാരിക സംഘടനയ്ക്ക് വേണ്ടിയാണ് ആദ്യമായി മവേലി വേഷം കെട്ടിയത്. അന്ന് അതിന് വലിയ സ്വീകാര്യത ലഭിച്ചു. ഇതോടെയാണ് ഷാജി നാട്ടുകാരുടെ സ്വന്തം മാവേലി ഷാജിയായത്. മാവേലിയെന്നാൽ ജനങ്ങളുടെ മനസിൽ തെളിയുന്നത് ഷാജിയുടെ മവേലി വേഷമാണ്. അത്രമാത്രം സ്വീകാര്യതയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.
ഓണ നാളുകളിൽ നാടു നീളെ ക്ലബുകളും, വ്യാപാര സ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോർഡുകളിലും മാവേലിയായി ഉപയോഗിച്ചു വരുന്നത് ഷാജിയുടെ മാവേലി ചിത്രമാണ്. ഷാജിയുടെ മാവേലി വേഷം മനസിൽ പതിഞ്ഞാൽ പിന്നെയാര് മവേലി വേഷത്തിലെത്തിയാലും അംഗീകരിക്കാൻ കഴിയില്ലന്നാണ് നാട്ടുകാർക്കിടയിലെ സംസാരം. തൊണ്ണൂറ്റിയഞ്ചിൽ കോട്ടയത്ത് വച്ച് നടന്ന അഖില കേരള മവേലി മത്സരത്തിൽ ഒന്നാം സ്ഥാനവും ഷാജിക്കായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും