ചിറ്റൂര്‍ : പീഡനത്തിനിരയായി ഗര്‍ഭിണിയായ 16കാരി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ ഇതുവരെ പിടികൂടിയിട്ടില്ല.
പലമനേരുവിലെ ഒരു പ്രാദേശിക സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നും അങ്ങനെയാണ് കുട്ടി ഗര്‍ഭിണിയായതെന്നും പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പലമനേരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതോടെ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കടുത്ത വിളര്‍ച്ചയും ശ്വസന പ്രശ്‌നങ്ങളും പെണ്‍കുട്ടിയുടെ ആരോഗ്യ നിലയെ സാരമായി ബാധിച്ചിരുന്നു. പിന്നീട് കൂടുതല്‍ ചികിത്സയ്‌ക്കായി തിരുപ്പതിയിലെ ആർയുഎ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഫെബ്രുവരി 14ന് ആന്ധ്രയിലെ അന്നമയ്യ ജില്ലയില്‍ ഗുരുംകൊണ്ട മേഖലയില്‍ യുവതിയ്‌ക്ക് നേരെ സഹപാഠി ആസിഡ് ആക്രമണം നടത്തിയിരുന്നു. ശേഷം ഇയാള്‍ യുവതിയെ കത്തികൊണ്ട് ആക്രമിച്ചതായും പൊലീസ് പറഞ്ഞു.
പെരമ്പള്ളി സ്വദേശിയായ യുവതി ഡിഗ്രി വിദ്യാര്‍ഥിയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാനും യുവതിയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദേശിച്ചു.