തിരുവനന്തപുരം:അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക എപ്പോൾ കൊടുത്ത് തീർക്കും എന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ നേതാക്കൾ മുദ്രാവാക്യം മുഴക്കി. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ജോസഫ് ആത്മഹത്യ ചെയ്‌ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പി സി വിഷ്‌ണുനാഥ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു (Opposition boycotts assembly).
പ്രമേയത്തിന്മേൽ പ്രതിപക്ഷവും ധനമന്ത്രിയും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദങ്ങൾക്കൊടുവിലാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തു പോയത്. ജോസഫിൻ്റെ മരണം അങ്ങേയറ്റം വിഷമമുള്ളതാണെങ്കിലും ആത്മഹത്യ പെൻഷൻ മുടങ്ങിയത് മൂലമല്ലെന്നാണ് അടിയന്തര നോട്ടിസിന് മറുപടിയായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. നവംബർ, ഡിസംബർ മാസത്തിൽ ജോസഫ് ക്ഷേമ പെൻഷൻ വാങ്ങിയിട്ടുണ്ട്.
ഏകദേശം 28,000 രൂപ 2023 ൽ ക്ഷേമപെൻഷനായും തൊഴിലുറപ്പ് പദ്ധതിയിലൂടെയും ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. മൂന്നു തവണ മുൻപ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച വ്യക്തിയാണ് ജോസഫ്. പെൻഷൻ നൽകാൻ കടമെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. കേരളത്തിന് കിട്ടേണ്ട 57,400 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ പെൻഷൻ കൃത്യമായി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.
എന്നാൽ ക്ഷേമപെൻഷൻ കുടിശിക ചോദിക്കുമ്പോൾ ഉമ്മൻ ചാണ്ടി 18 മാസം കുടിശിക വരുത്തിയെന്ന പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്ക് 2016ൽ നിയമസഭയിൽ നൽകിയ മറുപടിയിൽ 4 മാസത്തെ പെൻഷൻ കുടിശികയാണ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ ഉണ്ടായിരുന്നതെന്ന് നിയമസഭ രേഖ ഉയർത്തി സതീശൻ പറഞ്ഞു. ഇതിൽ ഒരു മാസത്തെ കുടിശിക വരാൻ കാരണം ആനുകൂല്യങ്ങൾ നേരിട്ട് ബാങ്കിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളാണെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.
ആയിരം കോടി രൂപയ്‌ക്ക് താഴെയാണ് കുടിശിക വിതരണം ചെയ്‌തതെന്നും മുൻ ധനകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഉമ്മൻ ചാണ്ടി 18 മാസം കുടിശിക വരുത്തിയെന്ന പെരുംനുണ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിൻ്റെ മുൻഗണന അഴിമതിക്കും ധൂർത്തിനും നവകേരള സദസിനുമാണെന്നും പാവപ്പെട്ടവർക്ക് പെൻഷൻ നൽകുന്നതിനോ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകുന്നതിനോ അല്ലെന്നും സതീശൻ നിയമസഭയിൽ കുറ്റപ്പെടുത്തി.