കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് വിധി വന്നത്. പ്രതിയായ ഗ്രീഷ്‌മയ്‌ക്ക് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി എഎം ബഷീർ വധശിക്ഷ വിധിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയെന്ന് വിധി തെളിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ഒന്നാം നമ്പർ പ്രതിയാണ് ഗ്രീഷ്‌മ. 1 സി 2025 എസ്എസ് ഗ്രീഷ്‌മ എന്നാകും ഇനി ജയിൽ രേഖകളിലുണ്ടാവുക.
വധശിക്ഷ വിധിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധിപേര്‍ വിധിയെ അനുകൂലിച്ച് രംഗത്തെത്തി. വധശിക്ഷയെ സ്വാഗതം ചെയ്‌ത് പലരും ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റും പങ്കുവച്ചും. എന്നാല്‍, ജനങ്ങളുടെ വികാരത്തിന് അപ്പുറമാണ് ഇന്ത്യൻ നിയമ വ്യവസ്ഥയെന്ന് പല നിയമവിദഗ്‌ധരും അഭിപ്രായപ്പെടുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി റിട്ടേര്‍ഡ് ജസ്‌റ്റിസ് കമാല്‍ പാഷ.
'ഗ്രീഷ്‌മയുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ വധശിക്ഷയ്‌ക്ക് സാധ്യതയില്ല'
ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയെ വധശിക്ഷയ്‌ക്ക് വിധിച്ചത് ഹൈക്കോടതിയിൽ നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് കമാൽ പാഷയുടെ പ്രതികരണം. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി ഗ്രീഷ്‌മയ്‌ക്ക് വിധിച്ചത് അധിക ശിക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ കഴിയില്ലെന്നും പ്രതിയുടെ പ്രായവും മാനസാന്തരത്തിനുള്ള സാധ്യത കൂടി പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പെൺകുട്ടികൾ നമ്മുടെ നാട്ടിൽ കൊല്ലപ്പെട്ടിട്ടുണ്ട്, അന്ന് ആരും വധശിക്ഷ വേണമെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. മാത്രമല്ല ഒരു പെൺകുട്ടി ഇങ്ങനെ ചെയ്‌തപ്പോൾ അത് പ്രശ്‌നമായെന്നും അദ്ദേഹം പറഞ്ഞു.
'ഒരു യുവാവ് പട്‌നയിൽ പോയി തോക്ക് കൊണ്ട് വന്ന് ഒരു പെൺകുട്ടിയെ കോളജ് പരിസരത്ത് വച്ച് കൊലപ്പെടുത്തി. അതിലൊന്നും ആർക്കും ഒരു പ്രശ്‌നവുമില്ല. അങ്ങനെ ഒരു പ്രശ്‌നം വരുമ്പോൾ അവന് 25 വയസേയുള്ളു, അല്ലെങ്കിൽ 26 വയസേയുള്ളു ചെറുപ്പമാണ് എന്നിങ്ങനെയുള്ള വാദങ്ങൾ വരും.
ഈ ഗ്രീഷ്‌മ എന്ന പെൺകുട്ടിക്ക് 24 വയസേ ഉള്ളു. പഠിക്കാൻ വളരെ മിടുക്കിയാണ് ആ പെൺകുട്ടി. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 90 ശതമാനത്തിന് മുകളിൽ മാർക്കോടെയാണ് ആ കുട്ടി എംഎ ലിറ്ററേച്ചർ പാസായത്. അങ്ങനെയുള്ള ആ കുട്ടിക്ക് പ്രാക്‌ടിക്കൽ ലൈഫിൽ ഇങ്ങനെയൊരു അബദ്ധം പറ്റി. അതിന് ശേഷം ആ കുട്ടി വലിയൊരു ഭീഷണിയുടെ നിഴലിലായി. അതിനുശേഷം അതിനെ കോർണർ ചെയ്‌ത് ഞെരുക്കി അതിന് ഒരു മാർഗവും ഇല്ലാതാക്കി. ഒരു മാർഗവും ഇല്ലാതായപ്പോൾ ആ കുട്ടി ഇങ്ങനെ ചെയ്‌ത് പോയതാകാം' എന്ന് അദ്ദേഹം പറഞ്ഞു.
നമ്മൾ ഈ കൊലപാതകത്തെ ആ ഒരു രീതിയിൽ കണ്ടാൽ മതിയാകും. ആ കുട്ടിക്ക് രക്ഷപ്പെടാൻ വേറെ മാർഗം ഇല്ലാതായപ്പോൾ ആ കുട്ടി അങ്ങനെ ചെയ്‌തുപോയി. അതേസമയം താൻ ഒരു കൊലപാതകത്തെ പിന്തുണയ്‌ക്കുകയല്ല. ഒരാളെ കൊല്ലുന്നത് നല്ലതാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഷാരോണും ഇതില്‍ പങ്കുണ്ട്'
ആ കൊല്ലപ്പെട്ട യുവാവിനും ഇതിൽ പങ്കുണ്ടെന്നും കമാൽ പാഷ പറഞ്ഞു. അവനെ വിശ്വസിച്ചല്ലേ ഈ പെൺകുട്ടി അവന്‍റെയൊപ്പം പോയത്. അത് മുതലെടുത്ത് അവൻ ആ കുട്ടിയുടെ ഫോട്ടോ എടുത്ത് പിന്നീട് ആ കുട്ടിയെ ഭീഷണിപ്പെടുത്തി, പിന്നീട് നിവർത്തിയില്ലാതെ ആ കുട്ടിക്ക് അവനെ കൊല്ലേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീഷ്‌മയ്ക്ക് നല്‍കിയ വധശിക്ഷ അധിക ശിക്ഷയാണ്. ഷാരോണിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതായപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാനായി കലക്കിവച്ചതാണ് കഷായം എന്നാണ് ആ കുട്ടി പറഞ്ഞതെന്നും ഇനി ഉപദ്രവിച്ചാല്‍ ഇത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞെന്നുമാണ് ഗ്രീഷ്‌മയുടെ മൊഴി.
അപ്പോള്‍ അത് വെറും കഷായമാണെന്ന് പറഞ്ഞ് അവനെടുത്ത് കുടിക്കുകയായിരുന്നുവെന്നും ഗ്രീഷ്‌മ മൊഴി നല്‍കിയതായി കമാല്‍ പാഷ പറഞ്ഞു. അതേസമയം കൊൽക്കത്തയിൽ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും ആ സംഭവത്തിൽ വധശിക്ഷ നൽകാത്തത് അതിശയിപ്പിച്ചുവെന്നും കമാൽ പാഷ വ്യക്തമാക്കി.
വധശിക്ഷ റദ്ദാക്കാന്‍ പ്രതിക്ക് മേല്‍ക്കോടതികളെ സമീപിക്കാം
കോടതി വധ ശിക്ഷ വിധിച്ചാലും അപ്പീലുമായി പ്രതിക്ക് മേല്‍കോടതികളെ സമീപിക്കാവുന്നതാണ്. സുപ്രീംകോടതി ഹര്‍ജി റദ്ദാക്കിയാല്‍ രാഷ്‌ട്രപതിക്ക് മുമ്പില്‍ ദയാഹര്‍ജി നല്‍കാനും പ്രതിക്ക് അവസരമുണ്ട്. ഇതിലെല്ലാം വധശിക്ഷ ശരിവച്ചാല്‍ മാത്രമേ ഒരു കുറ്റവാളിയെ ഇന്ത്യൻ നിയമവ്യവസ്ഥയ്‌ക്ക് വധ ശിക്ഷയ്ക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ.
ദയാഹര്‍ജി തള്ളുന്നത് വരെ മറ്റുതടവുകാരെ പോലെ തന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പരിഗണിക്കുക. മറ്റുതടവുകാരോടൊപ്പം താമസിപ്പിക്കും. ജയിലില്‍ ജോലികള്‍ ചെയ്യണം. എന്നാൽ അവര്‍ക്ക് പരോള്‍ ലഭിക്കില്ല.
വധശിക്ഷ വിധികേട്ട് കൂസലില്ലാതെ ഗ്രീഷ്‌മ
കഴിഞ്ഞ ദിവസം കോടതി മുറിയില്‍ വധശിക്ഷ വിധികേട്ട് കൂസലില്ലാതെയാണ് ഗ്രീഷ്‌മ നിന്നത്. അപ്രതീക്ഷിത വിധിയായതിനാൽ തന്നെ തികഞ്ഞ മൗനത്തിലായിരുന്നു വിധി കേട്ട ഗ്രീഷ്‌മയുടെ മുഖം. ഷാരോൺ വധക്കേസിൽ വിധി വരുന്നതിന് മുമ്പ് ശിക്ഷയിൽ ഇളവ് വരുത്തണമെന്ന് ഗ്രീഷ്‌മ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രായം പരിഗണിക്കേണ്ടതില്ലെന്നും ഒരാളെ കൊലപ്പെടുത്തിയ പ്രതി അർഹിക്കുന്നത് വധശിക്ഷയാണെന്നും കോടതി വിധിക്കുകയായിരുന്നു.
കേസ് അന്വേഷണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയ സമയത്ത് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ ഗ്രീഷ്‌മയുടെ മനസ് അറിയാൻ വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചിരുന്നു. അവരോട് ഒരു പ്രതിയെന്ന ഭയവും ചിന്തയും ഒന്നുമില്ലാതെയാണ് ഗ്രീഷ്‌മ ഇടപെട്ടത്.
ഷാരോണിനെ എന്തിന് കൊലപ്പെടുത്തി?
ആ സംസാരത്തിനിടയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു എന്തിനാണ് ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചത് എന്ന്. 'ഗ്രീഷ്‌മയ്ക്ക് ബിരുദാനന്തര ബിരുദമുണ്ട്. കാര്യങ്ങൾ സ്‌മാർട്ടായി മനസിലാക്കുന്ന പെൺകുട്ടി. കൊലപാതകം ചെയ്‌താൽ ശിക്ഷിക്കപ്പെടുമെന്നും അറിയാം. എന്നിട്ടും എന്തിന് കൊല ചെയ്‌തു,' എന്നതാണ് ഉദ്യോഗസ്ഥർ ഉദ്ദേശിച്ചത്.
എന്നാൽ അവരെ ഞെട്ടിച്ച് കൊണ്ട് ചിരിച്ച് ചെയ്‌ത തെറ്റിൽ യാതൊരു കുറ്റബോധവും ഇല്ലാത്ത പോലെയായിരുന്നു ഗ്രീഷ്‌മ അതിന് മറുപടി പറഞ്ഞത്. 'ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. അപ്പോൾ 38 വയസൊക്കെയാകുമ്പോൾ ജയിലിൽ നിന്നിറങ്ങും. ഞാൻ അതു കഴിഞ്ഞ് ജീവിച്ചോളാം' എന്നായിരുന്നു മറുപടി.
ഈ മറുപടി കേട്ട ഉദ്യോഗസ്ഥർക്ക് മറുപടി ഇല്ലാതായി. എന്നാൽ കഴിഞ്ഞ ദിവസം യഥാർഥ വിധി വന്നതോടെ ഗ്രീഷ്‌മയ്‌ക്ക് മറുപടിയില്ലാതെയായി. തികഞ്ഞ മൗനത്തിലാണ് ഗ്രീഷ്‌മ കോടതിമുറി വിട്ടിറങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിൽ നടപ്പിലാക്കിയ വധശിക്ഷകൾ: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വധശിക്ഷയ്‌ക്ക് വിധിക്കുക. ഇത്തരത്തില്‍ കേരളത്തിലിതുവരെ 26 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് 1958ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 1960 മുതല്‍ 1963 കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. കേരളത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. 1967 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഏറ്റവും അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991ലാണ്. 14പേരെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിലേറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് റിപ്പര്‍ ചന്ദ്രന്‍റെ വധശിക്ഷ നടപ്പാക്കിയത്. ശേഷം മൂപ്പത് വര്‍ഷത്തിലധികമായി കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. ഷാരോണ്‍ കേസില്‍ കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചതോടെ നിലവില്‍ സംസ്ഥാനത്ത് 40 പേരാണ് വിവിധ ജയിലുകളിലായി വധ ശിക്ഷ കാത്ത് കിടക്കുന്നത്.
വധ ശിക്ഷ നടപ്പിലാക്കുന്ന രീതി: രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയ ശേഷമായിരിക്കും പ്രതിയെ ഏകാന്ത തടവിന് വിധേയമാക്കുക. ഒറ്റയ്ക്ക് ഒരു സെല്ലിലായിരിക്കും പ്രതിയെ താമസിപ്പിക്കുക. പ്രതിക്ക് മാനസിക ആരോഗ്യ വിദഗ്‌ധന്‍റെ സഹായം നല്‍കും. ദിവസവും ഡോക്‌ടര്‍മാര്‍ പരിശോധിക്കും. പ്രതി വധശിക്ഷയ്ക്ക് മുമ്പായി മാനസികമായും മരണത്തിനായി തയ്യാറെടുക്കണം.
പൂര്‍ണ്ണ ആരോഗ്യം ഉറപ്പാക്കിയ ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നതിന് മുമ്പായി പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോയെന്നും പരിശോധിക്കും. അതിരാവിലെ സൂര്യനുദിക്കുന്നതിന് മുമ്പായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക.