തിരുവനന്തപുരം: കൂത്താട്ടുകുളം സംഭവത്തിൽ പ്രധാന പ്രശ്‌നം കാൽമാറ്റമാണെന്നും സ്‌ത്രീകൾക്കെതിരെയുള്ള ആക്രമണത്തിന് കേരളത്തിന് വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ് അംഗം കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
അവിശ്വാസ പ്രമേയ അവതരണ ഘട്ടത്തില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്തില്‍ പൊലീസ് ആവശ്യമായ ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ എല്‍ഡിഎഫിലെ കലാരാജുവിനെ നഗരസഭാ ചെയര്‍പേഴ്‌സൻ്റെ കാറില്‍ കയറ്റിക്കൊണ്ടുപോയതായി പരാതി ഉണ്ടായിട്ടുണ്ട്. സിപിഐഎം കൗണ്‍സിലറായ കലാരാജുവിനെ ചെയര്‍പേഴ്‌സൻ്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയത് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്താന്‍ വേണ്ടിയായിരുന്നുവെന്ന ആക്ഷേപം ഉന്നയിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും നഗരസഭാ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന നിലയുണ്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവത്തില്‍ കൗണ്‍സിലറുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം നം. 61/2025 ആയി കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്‌ത് നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കലാ രാജുവിന് ഉണ്ടായ പരാതിയിൽ ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. തെറ്റ് ചെയ്‌തവർക്കെതിരെ നടപടി ഉണ്ടാകും. സ്‌ത്രീകൾക്കെതിരെയുള്ള ആക്രമണം ഗൗരവമായി കാണും. അവരുടെ പരാതി ഗൗരവമായി കണ്ടു നടപടി സ്വീകരിക്കും.
സ്ഥലത്ത് സംഘര്‍ഷാവസ്ഥയോ മറ്റു ക്രമസമാധാന പ്രശ്‌നങ്ങളോ നിലവിലില്ല. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചുവരുന്നു. അതിനാല്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.