വയനാട് : മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ വയനാട്ടില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യത ഇല്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യു യോഗത്തെ അറിയിച്ചു. ആര്‍മിയുടെ 500 പേര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി ഉണ്ട്.
ഇനി ആരെയും രക്ഷപ്പെടുത്താന്‍ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്ന് സ്‌നിഫര്‍ നായകളും തെരച്ചിലിനായി ഉണ്ട്.
മുണ്ടക്കൈയിലേക്ക് യന്ത്രോപകരണങ്ങള്‍ എത്തിക്കാന്‍ പാലം പണി പൂര്‍ത്തിയാക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. ബുധനാഴ്‌ച രാത്രിയും ഇടതടവില്ലാതെ പ്രവൃത്തി ചെയ്‌തതിനാല്‍ ബെയ്‌ലി പാലം ഇന്ന് (വ്യാഴം) പൂര്‍ത്തിയാകുമെന്ന് മാത്യു പറഞ്ഞു.
കേരള പൊലീസിന്‍റെ 1000 പേര്‍ തെരച്ചില്‍ സ്ഥലത്തും 1000 പൊലീസുകാര്‍ മലപ്പുറത്തും പ്രവര്‍ത്തന രംഗത്ത് ഉണ്ടെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ അറിയിച്ചു. മൃതദേഹ അവശിഷ്‌ടങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രശ്‌നമായി അവശേഷിക്കുന്നത്.
കാണാതായത് 29 കുട്ടികള്‍ :ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈ, വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നുമായി ആകെ 29 വിദ്യാര്‍ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് അറിയിച്ചു. രണ്ട് സ്‌കൂളുകളാണ് ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍ ഉള്ളത്. ഇതില്‍ വെള്ളാര്‍മല സ്‌കൂളില്‍ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്.
കാണാതായ 29 കുട്ടികളില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുഴുവന്‍ കുട്ടികളുടെയും വിശദവിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.