കേരളം

kerala

ETV Bharat / state

2025 ജൂലൈയില്‍ എം ആര്‍ അജിത് കുമാര്‍ ഡിജിപിയാകുമോ? സുരേഷ് രാജ് പുരോഹിത് കേരളത്തിലേക്കു മടങ്ങിയെത്തിയാല്‍ പണി പാളും - WHETHER AJITH KUMAR CAN BE NEXT DGP

2025 ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവില്‍ ഡിജിപിയായി അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള അംഗീകാരം ഇന്നത്തെ മന്ത്രിസഭാ യോഗം നല്‍കിയിരുന്നു.

ADGP AJITH KUMAR CONTROVERSIES  OBSTACLES FOR AJITH KUMAR FOR DGP  Suresh Raj Purohit  WHO WILL BE NEXT DGP
M R Ajithkumar file (ETV Bharat file)

By ETV Bharat Kerala Team

Published : 6 hours ago

തിരുവനന്തപുരം: വിവാദച്ചുഴിയിലകപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാന കയറ്റം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനവും പുതിയ വാര്‍ത്തകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. 2025 ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവില്‍ ഡിജിപിയായി അജിത് കുമാറിന് സ്ഥാന കയറ്റം ലഭിക്കുന്നതിനുള്ള അംഗീകാരമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം നല്‍കിയത്.

ഇതോടൊപ്പം ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനും ഡിജിപി പദവിയിലേക്ക് സ്ഥാനകയറ്റം നല്‍കി. പക്ഷേ നിലവിലെ സംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി കണക്കിലെടുക്കുമ്പോള്‍ അജിത് കുമാറിന് ജൂണില്‍ ഡിജിപിയായി സ്ഥാന കയറ്റം ലഭിക്കുന്നതിന് പ്രതിബന്ധങ്ങളുണ്ടെന്ന് ഐപിഎസ് വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിലവിലെ സാഹചര്യത്തില്‍ 2025 ജനുവരിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയായ ഡോ. സഞ്ജീവ് കുമാര്‍ പട്ജോഷി വിരമിക്കുന്നതോടെയാണ് ആദ്യ ഡിജിപി പദവിയിലേക്ക് ഒഴിവു വരുന്നത്. ഈ ഒഴിവില്‍ ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തേക്കു മടങ്ങിയ നിതിന്‍ അഗര്‍വാള്‍ ഡിജിപിയാകും. അതോടെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനാകുന്ന അഗര്‍വാളിന്‍റെ പുതിയ പദവി സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും.

തുടര്‍ന്ന് 2025 ഏപ്രിലില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിജിപിയുമായ കെ പത്മകുമാര്‍ വിരമിക്കും. ഈ ഒഴിവിലേക്ക് നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപിയാകും. അതിനു ശേഷം ഈ വര്‍ഷം ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി വിരമിക്കുന്ന ഒഴിവിലേക്കാണ് എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാന കയറ്റം നല്‍കാന്‍ മന്ത്രിസഭ ഇന്നു തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ നിലവില്‍ അജിത്കുമാറിനെക്കാള്‍ സീനിയര്‍ എന്ന നിലയില്‍ ഡിജിപിയാകേണ്ടത് ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് ആണ്. അദ്ദേഹം കേന്ദ്രത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പില്‍(എസ്‌പിജി) സേവനം അനുഷ്‌ഠിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടേഷന്‍ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കും.

അപ്പോള്‍ അദ്ദേഹം സംസ്ഥാനത്തേക്കു മടങ്ങാന്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും എം ആര്‍ അജിത് കുമാറിനെക്കാള്‍ സീനിയോറിറ്റി ലഭിക്കുക പുരോഹിതിന് ആയിരിക്കും. ഇതോടെ ഷെയ്ക്ക് ദര്‍വേഷ് സാഹിബ് അടുത്ത വര്‍ഷം ജൂണില്‍ വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി സ്ഥാന കയറ്റം ലഭിക്കുക സുരേഷ് രാജ് പുരോഹിതിന് ആയിരിക്കും.

പിന്നെ 2026 ജൂലൈയില്‍ നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്നതു വരെ അജിത് കുമാറിന് ഡിജിപിയാകാന്‍ കാത്തിരിക്കേണ്ടി വരും. ഫലത്തില്‍ 2025 ജൂണില്‍ ഡിജിപിയാകാന്‍ സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെങ്കിലും സുരേഷ് രാജ് പുരോഹിതിന്‍റെ തീരുമാനമനുസരിച്ചായിരിക്കും അജിത് കുമാറിന് ഡിജിപി പദവി ലഭിക്കുക. അതു കൊണ്ട് സര്‍ക്കാരിന്‍റെ പച്ചക്കൊടി ഡിജിപി പദത്തിലേക്ക് അജിത്കുമാറിനുള്ള എളുപ്പ വഴിയല്ലെന്നാണ് ഐപിഎസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സുരേഷ് രാജ് പുരോഹിത് 1995 ബാച്ചിലെയും എം ആര്‍ അജിത്കുമാര്‍ 1996 ബാച്ചിലെയും ഐപിഎസ് ഉദ്യോഗസ്ഥരാണ്. അതേസമയം വിജിലന്‍സ് അന്വേഷണം നടക്കുന്നത് ഡിജിപി പദത്തിലേക്കുള്ള സ്ഥാന കയറ്റത്തിനു തടസമല്ലെന്ന് സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോടു വ്യക്തമാക്കി.

അന്വേഷണത്തില്‍ കുറ്റക്കാരെനെന്നു കണ്ടെത്തുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്‌താല്‍ മാത്രമേ അത് ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍റെ സ്ഥാനക്കയറ്റത്തെ ബാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി നോഡല്‍ ഓഫീസറായിരിക്കെയുള്ള ഫണ്ട് തിരിമറി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എഡിജിപി പി വിജയനെ രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു ശുപാര്‍ശ ചെയ്‌ത കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

സ്ഥാനക്കയറ്റ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഐബിയില്‍ സേവനമനുഷ്‌ഠിക്കുന്ന തരുണ്‍കുമാറിന് എഡിജിപിയായും ഇന്ന് മന്ത്രിസഭ സ്ഥാന കയറ്റം നല്‍കി. ഐജിമാരായി ദേബേഷ്‌കുമാര്‍ ബഹ്‌റ, ഉമ ബഹ്‌റ, രാജ്‌പാല്‍ മീണ, ജെ ജയ്‌നാഥ് എന്നിവര്‍ക്കും ഡിഐജിമാരായി യതീഷ് ചന്ദ്ര, ഹരിശങ്കര്‍, കെ കാര്‍ത്തിക്, പ്രതീഷ്‌കുമാര്‍, ടി നാരായണന്‍ എന്നിവര്‍ക്കും സ്ഥാന കയറ്റം നല്‍കി.

Also Read:എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ABOUT THE AUTHOR

...view details