വയനാട്:ജില്ലയിൽ ഇന്നുണ്ടായ (ഓഗസ്‌റ്റ് 9) പ്രകമ്പനം ഭൂമികുലുക്കമല്ലെന്ന് ജില്ലാ കലക്‌ടര്‍ ഡി ആര്‍ മേഘശ്രീ സ്ഥിരീകരിച്ചു. സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലൊന്നും ഓഗസ്‌റ്റ് ഒമ്പതിന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്നും കലക്‌ടര്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനത്തിന്‍റെ ശബ്‌ദം കേട്ടതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പല തട്ടുകളിലായി വലിയ മണ്‍കൂനകള്‍ ഉണ്ടാകാറുണ്ട്. ഈ പാളികള്‍ ഇളകി നിരപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളില്‍ സ്വാഭാവികമാണ്. ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം പ്രദേശത്ത് കുലുക്കവും ശബ്‌ദവും സൃഷ്‌ടിക്കാറുണ്ട്. വയനാട്ടിലെ പല സ്ഥലങ്ങളിലും ഇതാകാം അനുഭവപ്പെട്ടതെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു.