തിരുവനന്തപുരം : എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്ന സമ്പ്രദായം (ഓള്‍ പ്രൊമോഷന്‍) അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ മാസത്തില്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോണ്‍ക്ലേവ് കൈക്കൊണ്ട ശുപാര്‍ശയ്ക്ക് ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. നിലവില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുന്ന സമ്പ്രദായമാണുള്ളത്. അതു കൊണ്ടു തന്നെ എസ്എസ്എല്‍സിക്കും പരമാവധി വിദ്യാര്‍ഥികളെയും വിജയിപ്പിക്കുകയാണ് ചെയ്യുന്നത്.
മിനിമം മാർക്ക് നിര്‍ബന്ധം: എന്നാല്‍ ഇനി മുതല്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ എട്ടാം ക്ലാസ് വിജയിക്കാനാകൂ. ഈ സമ്പ്രദായം ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. ഒന്‍പതാം ക്ലാസില്‍ ഈ രീതി 2025-26 അധ്യയന വര്‍ഷം മുതലും എസ്എസ്എല്‍സിക്ക് ഈ രീതി 2026-27 അധ്യയന വര്‍ഷത്തിലുമാണ് നടപ്പാക്കുക. ഇതു സംബന്ധിച്ച് ജൂണ്‍ മാസത്തില്‍ തിരുവനന്തപുരത്ത് അധ്യാപക-വിദ്യാര്‍ഥി സംഘടന പ്രതിനിധികളെയും വിദ്യാഭ്യാസ വിചക്ഷണരെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു.
എട്ട്, ഒന്‍പതു ക്ലാസുകളില്‍ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുന്ന രീതി കേരളത്തിലെ വിദ്യാഭ്യാസത്തിന്‍റെ നിലവാര തകര്‍ച്ചയിലേക്കു നയിക്കുകയാണെന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന പൊതു അഭിപ്രായം. ഇതു പരിഹരിക്കാന്‍ എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മിനിമം മാര്‍ക്ക് എന്ന നിര്‍ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ചു. ഇടത് അധ്യാപക-വിദ്യാര്‍ഥി സംഘടനകളൊഴിച്ചുള്ള സംഘടനകള്‍ ഈ നിര്‍ദേശം അംഗീകരിച്ചു. എന്നാല്‍ സമൂഹത്തിന്‍റെ താഴെക്കിയടിലുള്ളവരും ദരിദ്രരും ആദിവാസി ദലിത് വിഭാഗങ്ങളെയും തീരുമാനം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഈ നിര്‍ദേശം നടപ്പാക്കരുതെന്നായിരുന്നു ഇടതു സംഘടനകള്‍ കോണ്‍ക്ലേവിലെടുത്ത നിലപാട്.
എതിര്‍പ്പുമായി ഇടത് സംഘടനകൾ: കോൺക്ലേവിൽ, എസ്എസ്എൽസി പരീക്ഷയുടെ തിയറി ഘടകത്തിൽ വിജയിക്കുന്നതിന് മിനിമം മാർക്ക് 30% എന്ന നിബന്ധന കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്കെതിരെ സിപിഎം അനുഭാവമുള്ള അധ്യാപക-വിദ്യാർഥി സംഘടനകള്‍ കടുത്ത എതിർപ്പ്. രേഖപ്പെടുത്തിയിരുന്നു. എസ്‌സിഇആർടി സംഘടിപ്പിച്ച കോൺക്ലേവില്‍ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകളും മിനിമം മാർക്ക് നിർദ്ദേശത്തെ സ്വാഗതം ചെയ്‌തു. .
വിദ്യാർഥികളെ അകറ്റുമെന്ന് എസ്എഫ്ഐ: പാർശ്വവത്കരിക്കപ്പെട്ട, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഇത് ദോഷകരമാകുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌ടിഎയും എസ്എഫ്ഐയും പുതിയ നിര്‍ദേശങ്ങളെ ശക്തമായി എതിർത്തിരുന്നു. മിനിമം മാർക്ക് നിശ്ചയിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉയർത്താൻ കഴിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് പി എം ആർഷോ യോഗത്തില്‍ പറഞ്ഞിരുന്നു. അത് പരീക്ഷയിൽ തോൽക്കുന്ന കുട്ടികളുടെ എണ്ണം വർധിപ്പിക്കാനും സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് വലിയൊരു വിഭാഗം വിദ്യാർഥികളെ അകറ്റാനും മാത്രമേ ഉപകരിക്കൂവെന്നായിരുന്നു എസ്എഫ്ഐ നിലപാട്. പരിഷ്‌കാരങ്ങൾക്ക് എതിരല്ലെന്നും എന്നാൽ അത് സമയബന്ധിതവും ശാസ്‌ത്രീയവുമായ രീതിയിൽ നടപ്പിലാക്കണമെന്നും എഐഎസ്എഫ് പറഞ്ഞു. കോൺക്ലേവിലേക്ക് കെഎസ്‌യു, എബിവിപി സംഘടനകള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല.