കേരളം

kerala

ETV Bharat / state

എന്‍ഐടിയിലെ സമരം: വിദ്യാര്‍ഥികള്‍ക്ക് വന്‍ തുക പിഴയിട്ടു, അഞ്ച് പേരടക്കേണ്ടത് 33 ലക്ഷം രൂപ - NIT Imposed Fine To Students

രാത്രികാല നിയന്ത്രണത്തിനെതിരെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തി. അഞ്ച് പേര്‍ക്കെതിരെയാണ് നടപടി. ഓരോരുത്തരും അടക്കേണ്ടത് 6,61,155 രൂപ.

NIT STUDENTS PROTEST  STRICT CONTROLS IN NIGHT IN NIT  എന്‍ഐടിയിലെ സമരം  വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തി
Kozhikode NIT (ETV Bharat)

By ETV Bharat Kerala Team

Published : Jun 13, 2024, 7:56 PM IST

കോഴിക്കോട്: കാമ്പസില്‍ നടപ്പാക്കിയ രാത്രികാല നിയന്ത്രണത്തിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് വന്‍ തുക പിഴയിട്ട് കോഴിക്കോട് ചാത്തമംഗലം എന്‍ഐടി. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് 33 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. വിദ്യാര്‍ഥികളായ വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ആദർഷ്, ബെൻ തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി.

മാര്‍ച്ച് 22ന് കാമ്പസില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഓരോ വിദ്യാര്‍ഥിയും 6,61,155 രൂപ അടയ്‌ക്കണം. നടപടിയില്‍ 7 ദിവസത്തിനകം മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സമര ദിവസം ജീവനക്കാര്‍ക്ക് കാമ്പസില്‍ പ്രവേശിക്കാനായില്ലെന്നും അന്ന് കാമ്പസിന് പ്രവര്‍ത്തിക്കാനായില്ലെന്നും കോളജ് അധികൃതര്‍ പറയുന്നു. ഒരു പ്രവൃത്തി ദിവസം നഷ്‌ടമായെന്നും അതുമൂലം കാമ്പസിനുണ്ടായ നഷ്‌ടം നികത്താന്‍ വിദ്യാര്‍ഥികള്‍ നഷ്‌ട പരിഹാരം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

കോളജിലെ വിദ്യാര്‍ഥികള്‍ അര്‍ധ രാത്രിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഡീന്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ഇതിന് പുറമെ നേരത്തെ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാന്‍റീന്‍ സമയം രാത്രി 11 മണിവരെയാക്കി ചുരുക്കി.

രാത്രി പുറത്ത് പോകുന്നത് വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുമെന്നും സർക്കുലറില്‍ പറയുന്നുണ്ട്. 4 വർഷം മുമ്പാണ് ഇത്തരം നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞത്. അതോടെ വിദ്യാർഥികള്‍ രാത്രിയുടനീളം കാമ്പസില്‍ കറങ്ങി നടക്കുന്നതിനെതിരെ പലരും പരാതി ഉന്നയിച്ചിരുന്നു. പരാതി വ്യാപകമായതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ ഇറക്കിയത്. നിയന്ത്രണമില്ലായ്‌മ വിദ്യാർഥികളുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Also Read:കോഴിക്കോട് എൻഐടി ക്യാമ്പസിൽ രാത്രിയില്‍ കർശന നിയന്ത്രണങ്ങള്‍ ; ഉത്തരവിറക്കി ഡീന്‍

ABOUT THE AUTHOR

...view details