മലപ്പുറം:ജില്ലയില്‍ നിപ, എംപോക്‌സ് രോഗങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. നിലവില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി.
ഇന്ന് (സെപ്‌റ്റംബർ 19) പുതുതായി രണ്ട് പേരെ കൂടി നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്‌ട് പട്ടികയിലും 90 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്‌ട് പട്ടികയിലുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ട് പേരെ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നുണ്ട്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും സ്രവം പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാകും ആദ്യം പരിശോധനക്കയക്കുക. സമ്പര്‍ക്ക പട്ടികയില്‍ നിന്നും ആരും വിട്ടുപോയിട്ടില്ലെന്ന കാര്യം വീണ്ടും പരിശോധിച്ച് ഉറപ്പാക്കും. അതേസമയം ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉള്ളവർക്ക് പ്രതിരോധ മരുന്ന് നൽകി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ന് 40 പേര്‍ ഉള്‍പ്പെടെ 265 പേര്‍ക്ക് കോള്‍ സെന്‍റര്‍ വഴി കൗൺസിലിംങ് സേവനം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി നടത്തി വന്ന ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. 7953 വീടുകളിലാണ് ഇതിനകം സര്‍വേ നടത്തിയത്. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്‌തതായും വീണ ജോർജ് അറിയിച്ചു.
എം പോക്‌സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും: മലപ്പുറം ജില്ലയില്‍ എംപോക്‌സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്‍റെ വകഭേദം കണ്ടെത്താൻ ജീനോം സീക്വന്‍സിങ് നടത്തുന്നുമെന്ന് വീണ ജോര്‍ജ് പറഞ്ഞു. നിപ, എംപോക്‌സ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയതായും മന്ത്രി വ്യക്തമാക്കി.
എംപോക്‌സ് വൈറസിന്‍റെ 2ബി വകഭേദത്തിന് വ്യാപന ശേഷി കുറവാണ്. എന്നാല്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ 1ബി വൈറസ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. വൈറസിന്‍റെ വകഭേദം കണ്ടെത്തിയാല്‍ വ്യാപന ശേഷി മനസിലാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം എംപോക്‌സ് ബാധിച്ച രോഗിയുടെ നില തൃപ്‌തികരമാണെന്ന് മന്ത്രി അറിയിച്ചു. എംപോക്‌സ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണുള്ളത്. രോഗി സഞ്ചരിച്ച വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയിൽ ഉള്ളത്.
'എം പോക്‌സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിപയുടെയും എം പോക്‌സിന്‍റെയും കാര്യത്തിൽ ആശങ്ക വേണ്ട. മാസ്‌ക്ക് ധരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും' മന്ത്രി അഭ്യര്‍ഥിച്ചു.
കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാന്‍, പി നന്ദകുമാര്‍ എംഎല്‍എ, ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ നമദേവ് കോബര്‍ഗഡെ എന്നിവര്‍ ഓണ്‍ലൈനായും എംഎല്‍എമാരായ പിവി അന്‍വര്‍, എപി അനില്‍കുമാര്‍, പി അബ്‌ദുല്‍ ഹമീദ്, അഡ്വക്കേറ്റ് യുഎ ലത്തീഫ്, ജില്ല കലക്‌ടര്‍ വിആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോക്‌ടർ കെജെ റീന, പെരിന്തല്‍മണ്ണ സബ് കലക്‌ടര്‍ അപുര്‍വ തൃപാദി, ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്‌ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക, എന്‍എച്ച് എംഡിപിഎം ഡോക്‌ടർ ടിഎന്‍ അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീനിവാസന്‍ (മമ്പാട്), കെ രാമന്‍കുട്ടി (തിരുവാലി), സീനത്ത് (വണ്ടൂര്‍), ടി അഭിലാഷ് (എടവണ്ണ), ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓഫ്‍ലൈനായും പങ്കെടുത്തു.
Also Read:മലപ്പുറത്ത് 7 പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍; സമ്പര്‍ക്ക പട്ടികയില്‍ 267 പേര്‍