ഹൈദരാബാദ്: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിലേക്ക് തിരിക്കും. അടുത്ത ശനിയാഴ്‌ച (ഏപ്രിൽ 20) യാണ് യമനിലേക്ക് പുറപ്പെടുന്നത്. യെമനിലെ വ്യവസായിയായ തമിഴ്‌നാട് സ്വദേശി സാനുവൽ ജെറോമും ഒപ്പമുണ്ടാകുമെന്നാണ് വിവരം. മകളെ കാണാനും, മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തെ കണ്ട് ദയാധനത്തെ സംബന്ധിച്ചുള്ള ചർച്ച നടത്താനുമാണ് പോകുന്നതെന്നാണ് വിവരം. പ്രേമകുമാരിയുടെ അഭിഭാഷകനായ കെ എൽ സുഭാഷ് ചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
സൻആയിലെ ജയിലിലാണ് നിമിഷ പ്രിയ. യമനിലേക്ക് പോകാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് പ്രേമകുമാരിയും നിമിഷ പ്രിയ സേവ് ഫോറവും കേന്ദ്ര സർക്കാറിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു. ഇതേ തുടർന്ന് മകളുടെ മോചനത്തിനായി സഹായമഭ്യർഥിച്ചും യമനിൽ പോകാൻ അനുമതി തേടിയും ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് മറ്റു നടപടികൾ പൂർത്തിയാക്കാനായി കോടതി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ യമനിലേക്ക് പോകുന്നതിനാവശ്യമായ യാത്രാ ചെലവുകൾ സ്വയം വഹിക്കണമെന്നും സർക്കാർ യാതൊരു വിധ സഹായവും ചെയ്യില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയുടെ അനുമതിക്ക് പിന്നാലെയാണ് പ്രേമകുമാരി വിസ നടപടികൾ അടക്കം പൂർത്തിയാക്കി യമനിലേക്ക് പോകാൻ ഒരുങ്ങുന്നത്.
ജീവിതം തകിടം മറിച്ചത് കൂട്ടുകച്ചവടം:വിവാഹ ശേഷം 2012ലാണ് നിമിഷ പ്രിയ വീണ്ടും യമനിൽ നഴ്‌സ് ആയി പോയത്. ഭർത്താവ് ടോമിയും യമനിൽ ജോലിക്കായി എത്തിയിരുന്നു. യമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ടണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല.