കേരളം

kerala

ETV Bharat / state

നിമിഷ പ്രിയയുടെ മോചനം: നയതന്ത്ര കാര്യാലയ അക്കൗണ്ട് വഴി പണം കൈമാറാന്‍ കേന്ദ്രാനുമതി - Nimisha Priya Case

നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുള്ള പണം ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വഴി കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. കേന്ദ്രം അനുമതി നല്‍കിയത് നിമിഷയുടെ മാതാവിന്‍റെ അഭ്യര്‍ഥന മാനിച്ച്. യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ 2018ലാണ് നിമിഷ പ്രിയ പിടിയിലായത്.

NIMISHA PRIYA CASE  നിമിഷ പ്രിയയുടെ മോചനം  Nimisha Priya Pre negotiation Fund  നിമിഷ പ്രിയ കേസ്
NIMISHA PRIYA (ETV Bharat)

By ETV Bharat Kerala Team

Published : Jun 21, 2024, 5:14 PM IST

എറണാകുളം:നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വേണ്ടിയുള്ള പണം യെമനിലെ ഇന്ത്യന്‍ നയതതന്ത്ര കാര്യാലയ അക്കൗണ്ട് വഴി അവരുടെ അഭിഭാഷകന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. യെമന്‍ പൗരന്‍ തല അബ്‌ദോ മഹദിയെ 2017ല്‍ കൊലപ്പെടുത്തി എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് പാലക്കാട് സ്വദേശി നിമിഷ പ്രിയ എന്ന നഴ്‌സ്. ഇവര്‍ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 2018ല്‍ പിടികൂടി വധ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബവും അദ്ദേഹത്തിന്‍റെ ഗോത്ര നേതാക്കളുമായും ചര്‍ച്ചകള്‍ക്ക് തുടക്കമിടണമെങ്കില്‍ 33.40 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കണം. നിമിഷ പ്രിയ ഇന്‍റര്‍ നാണഷല്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ പണം സ്വരൂപിച്ചിട്ടുണ്ട്. ഇത് വിദേശകാര്യ മന്ത്രാലയം വഴി സനയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് കൈമാറും.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയുടെ അഭ്യര്‍ഥന പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രേമകുമാരി ഇപ്പോള്‍ യെമനിലാണ് ഉള്ളത്. ഏപ്രില്‍ 24നാണ് ഇവര്‍ യെമനിലെത്തിയത്. വധശിക്ഷ ഒഴിവാക്കുന്നതിനും കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബത്തിന് നല്‍കുന്ന ചോരപ്പണം (ബ്ലഡ് മണി) സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായാണ് ഇവര്‍ യെമനിലെത്തിയിട്ടുള്ളത്.

ബാക്കിയുള്ള പണം അടിയന്തരമായി സ്വരൂപിക്കേണ്ടതുണ്ടെന്ന് ആക്‌ഷന്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഒരു മാസത്തിനകം നിമിഷ പ്രിയയുടെ മോചനം സാധ്യമായേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഇവരുടെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇപ്പോള്‍ യെമന്‍ പ്രസിഡന്‍റിന്‍റെ പക്കലാണ് ഉള്ളത്. ഇതില്‍ അദ്ദേഹം ഒപ്പുവച്ചാല്‍ ചീഫ് പ്രൊസിക്യൂട്ടറുടെ ഓഫിസിലേക്ക് പോകും. പിന്നീട് വധശിക്ഷ നടപ്പാക്കാന്‍ കാലതാമസം ഉണ്ടാകില്ല.

Also Read:നിമിഷപ്രിയയുടെ മോചനത്തിന് എല്ലാ വഴിയും തേടുന്നു; യെമനിലെ മതനേതാക്കളുമായും ഗോത്ര തലവന്മാരുമായി ബന്ധപ്പെടാൻ ശ്രമം

ABOUT THE AUTHOR

...view details