കാസർകോട്:നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ കലക്‌ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്.
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. കാസർകോട് ഗവണ്‍മെന്‍റ് ഗസ്‌റ്റ് ഹൗസിൽ നടക്കാനിരിക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. അതേസമയം അപകടവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി. തൈക്കടപ്പുറം സ്വദേശി വിജയൻ ആണ് പൊലീസിന്‍റെ പിടിയിലായത്. ക്ഷേത്ര ഭാരവാഹികളായ എട്ട് പേരെ പൊലീസ് കേസിൽ പ്രതി ചേർത്തെങ്കിലും ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവരെ മാത്രമാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിരുന്നത്.