കൊല്ലം: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി നെല്ലിമുക്കിൽ പൊന്നമ്മ വിഹാറിലെ ധന്യമോഹൻ ആണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാരിൽ അമ്പരപ്പ്. നെല്ലിമുക്ക് ജങ്ഷനിൽ ബേക്കറിക്ക് എതിർവശമാണ് ധന്യയുടെ വീട്. ശാന്തമായ സ്വഭാവവും മാന്യമായ പെരുമാറ്റവുമായിരുന്നെന്ന് സമീപവാസിയായ ഹാരിസ് ഓർക്കുന്നു.
നഗരത്തിലെ സെയ്‌ൻ്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം. തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനിയറിങ് പഠന ശേഷം വീട്ടുകാർക്കൊപ്പം തൃശൂരിലേക്ക് താമസം മാറുകയായിരുന്നു. നാട്ടിൽ ഭേദപ്പെട്ട സാമ്പത്തിക നിലയുള്ള ധന്യയുടെ വീട് അടച്ചിട്ടിരിക്കുകയാണ്. പ്രധാന റോഡരികിൽ മൂന്നുമുറി കടയുണ്ട്. ഇത് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.