മലപ്പുറം:വനനിയമഭേദഗതിയിൽ പിവി അൻവർ എംഎൽഎയുടെ പ്രതിഷേധ യാത്രയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ്. വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചനാണ് നിലപാട് വ്യക്തമാക്കിയത്. തന്‍റെ അനുവദമില്ലാതെയാണ് ചിത്രം വച്ച് പിവി അൻവർ പോസ്‌റ്റർ അടിച്ചതെന്ന് അദ്ദേഹം വ്യക്‌തമാക്കി. പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്യുമോ എന്ന് പിവി അൻവർ തന്നോട് ചോദിച്ചിരുന്നു. പങ്കെടുക്കില്ലെന്ന് താൻ പിന്നീട് അറിയിച്ചിരുന്നെന്നും ഇതിനിടെ നവമാധ്യമങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടെന്നും അപ്പച്ചൻ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നുവെന്നും പി വി അൻവറുമായി യോജിക്കുന്നതിൽ രാഷ്‌ട്രീയ തീരുമാനമെടുക്കേണ്ടതുണ്ടെന്നും എൻഡി അപ്പച്ചൻ വ്യക്‌തമാക്കി. അതിനുശേഷം മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ കഴിയൂ എന്ന് അറിയിച്ചിരുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായും പ്രതിപക്ഷ നേതാവുമായും ഇതിനെ കുറിച്ച് കൂടിയാലോചിച്ചിരുന്നു. അതിനുശേഷമാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതെന്ന് എൻഡി അപ്പച്ചൻ കൂട്ടിച്ചേർത്തു.
പിവി അൻവർ സംസാരിക്കുന്നു (ETV Bharat) വന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് നടക്കുന്ന ജനകീയ യാത്ര പരിപാടിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായി വനനിയമ ഭേദഗതി ബില്ലിനെതിരെ വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് ജനകീയ യാത്ര നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനകീയ യാത്രയെ കുറിച്ച് പിവി അൻവർ:ഇന്ന് വൈകുന്നേരം 6.30ന് പനമരത്ത് യാത്രക്ക് തുടക്കം കുറിച്ച് കൊണ്ട് പൊതുസമ്മേളനം നടത്തുമെന്ന് പിവി അൻവർ എംഎൽഎ പറഞ്ഞിരുന്നു. തുടർന്ന് നാലിന് രാവിലെ പനമരത്ത് നിന്നും ആരംഭിക്കുന്ന ജനകീയ യാത്ര കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി വഴി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ സമാപിക്കും. അഞ്ചിന് രാവിലെ ഏറനാട് മബലത്തിലെ ചാത്തല്ലൂരിൽ നിന്നും ആരംഭിച്ച് മമ്പാട്, വണ്ടൂർ, അമരമ്പലം, കരുളായി, മൂത്തേടം, പോത്തുകൽ-വഴിക്കടവ് വഴി എടക്കര ബസ് സ്‌റ്റാന്‍റിൽ സമാപിക്കുമെന്ന് പിവി അൻവർ എംഎൽഎ വ്യക്തമാക്കി.
പ്രതിഷേധ യാത്രയുടെ സമാപന സമ്മേളനം ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. വന്യമൃഗ ശല്യം മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ കഴിയുന്ന ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നതാണ് വനം ഭേദഗതി ബിൽ എന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
അതേസമയം ജനവിരുദ്ധ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പിവി അൻവർ അറിയിച്ചു. 17ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കാൻ പാടില്ലെന്നും എംഎൽഎ പറഞ്ഞു.
വന ഭേദഗതി ബിൽ പാസായാൽ കുടിവെള്ളം റേഷൻ കടയിൽ നിന്നും വാങ്ങേണ്ട അവസ്ഥ വരും. ജനങ്ങളെ അണിനിർത്തി ജനവിരുദ്ധബില്ലിനെ പ്രതിരോധിക്കുന്നതിനാണ് ജനകീയ യാത്രയെന്നും പിവി അൻവർ വ്യക്തമാക്കി.
Also Read:'വരാന്‍ പോകുന്നത് ഫോറസ്‌റ്റ് ഉദ്യോഗസ്ഥനെ തുറിച്ച് നോക്കിയാൽ പോലും കേസ് എടുക്കാവുന്ന സാഹചര്യം'; വനനിയമ ഭേദഗതി ബില്ലിനെതിരെ പിവി അൻവർ