തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇവിടെ പൗരത്വവുമായി ബന്ധപ്പെട്ട് മതത്തിന്‍റെ അടിസ്ഥാനത്തിൽ വേർതിരിവില്ല. മതത്തിന്‍റെ പേരിൽ പൗരത്വത്തെ വേർതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഏതെങ്കിലും ജനവിഭാഗത്തിന് എതിരല്ല ഈ നീക്കം. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള നീക്കമാണിതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ജനങ്ങളെ വർഗീയമായി ദ്രുവീകരിച്ച് കോർപറേറ്റ് താത്പര്യങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് ഇടത് സർക്കാരും പാർട്ടി സംസ്ഥാന കമ്മിറ്റിയും വ്യക്തമാക്കി. ബിജെപിക്കെതിരെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഒന്നിക്കുമ്പോൾ പൗരത്വ നിയമം കൊണ്ടു വരുന്നത് വർഗീയ ദുർവീകരണം സൃഷ്‌ടിച്ച് വോട്ട് ലാഭം നേടാനാണ്.
കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞാണ് ബിജെപി അധികാരത്തിൽ വരുന്നത്. കള്ളപ്പണം പിടിച്ചെടുക്കുന്നതിന് പകരം ബിജെപി ഇലക്‌ടറൽ ബോണ്ടാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.