ഇടുക്കി :കാട് കടന്ന് നാട്ടിലിറങ്ങി കസർത്തു കാട്ടുന്ന കൊമ്പൻമാർക്ക്, ഇടുക്കികാർ പേരിടാറുണ്ട്. അരിതേടി ഇറങ്ങുന്ന അരിക്കൊമ്പനും മുന്നാറിൽ നായകനായി വിലസുന്ന പടയപ്പയും ചക്ക പ്രിയനായ ചക്കകൊമ്പനും തുടങ്ങി മൊട്ടവാലൻ, കട്ടകൊമ്പൻ, ചില്ലികൊമ്പൻ, ഒറ്റക്കൊമ്പൻ എന്നിങ്ങനെ നീളുന്നു ആനകളുടെ പേരുകൾ.
ഇപ്പോൾ കാട്ടു കൊമ്പൻമാരുടെ പേരുകൾ കോർത്തിണക്കി സംഗീത ആൽബം പുറത്തിറങ്ങിയിരിക്കുകയാണ്. "ചക്കക്കൊമ്പാ" എന്നാണ് സംഗീത ആൽബത്തിന് പേര് നൽകിയിരിക്കുന്നത്. ചക്കകൊമ്പനെയും മൊട്ടവാലനെയും പടയപ്പയുമൊക്കെ പരാമർശിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അരിക്കൊമ്പൻ കാട് മാറിയശേഷം ചിന്നക്കനാലിൻ്റെ രാജാവായ ചക്കകൊമ്പൻ്റെ പേരിലാണ് ആൽബം.