തിരുവനന്തപുരം:മൂക്കുന്നിമലയിലെ വ്യോമസേന ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ലക്ഷ്യം തെറ്റിയെത്തിയ വെടിയുണ്ടകൾ വീണത് ജനവാസ മേഖലയിൽ. തിരുവനന്തപുരം പൊറ്റയിലെ വീടിന്‍റെ മേല്‍ക്കൂര തുളച്ചെത്തിയ വെടിയുണ്ട സോഫയില്‍ വീണതായി കണ്ടെത്തി. സമീപത്തെ റോഡിൽ നിന്നും മറ്റൊരു വെടിയുണ്ടയും കണ്ടെത്തി. ഇന്നലെ (നവംബർ 7) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് സംഭവം നടക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി നടത്തിയ ഷൂട്ടിങ് പരിശീലനത്തിനിടെയാണ് വെടിയുണ്ടകൾ ലക്ഷ്യം തെറ്റിയത്. ഇതിനെ തുടർന്ന് നാളത്തെ (നവംബർ 9) വെടിവയ്പ്പ് പരിശീലനം മാറ്റിയതായി റൂറൽ എസ്‌പി അറിയിച്ചു. 12 മണിക്കൂറിനിടെ രണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്.
മൂന്നംഗ കുടുംബം താമസിക്കുന്ന വീടിന്‍റെ ആസ്ബറ്റോസ് ഷീറ്റ് തുളച്ച് അകത്തെ സോഫയിൽ വീണുകിടന്ന നിലയിലാണ് ഇന്നലെ രാത്രി ഒരു വെടിയുണ്ട കണ്ടെത്തിയതെങ്കിൽ രണ്ടാമത്തേത് സമീപത്തെ റോഡിൽ നിന്നും ഇന്ന് (നവംബർ 8) രാവിലെയാണ് നാട്ടുകാർ കണ്ടെത്തിയത്.