തിരുവനന്തപുരം :മുഖാമുഖം (Mukhamukham) രണ്ടാം പതിപ്പ് (ഫെബ്രുവരി 20) തിരുവനന്തപുരം ഉദയ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പുരോഗമിക്കുന്നു. രാവിലെ 9.30ന് ആരംഭിച്ച രണ്ടാം പതിപ്പില്‍ യുവജനങ്ങളുമായാണ് മുഖ്യമന്ത്രി (CM Pinarayi Vijayan) സംവദിക്കുന്നത്. ഉച്ചയ്‌ക്ക് ഒരു മണി വരെയാണ് പരിപാടി.
യുവജനകാര്യ വകുപ്പ് മന്ത്രി കൂടിയായ സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷനാകും. മന്ത്രിമാരായ വി അബ്‌ദുറഹിമാന്‍, ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. അക്കാദമിക്, പ്രൊഫഷണല്‍, കലാ-കായിക-സാംസ്‌കാരിക മേഖലകളിലെ രണ്ടായിരത്തോളം പേരാണ് ചടങ്ങില്‍ പങ്കെടുക്കുക.
നവകേരളത്തിനായുള്ള അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും ശേഖരിക്കാന്‍ ലക്ഷ്യമിട്ട് നവകേരള സദസിന് പിന്നാലെ ഫെബ്രുവരി 18ന് കോഴിക്കോടായിരുന്നു ആദ്യ മുഖാമുഖം പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളജ് വിദ്യാര്‍ഥികളുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെയും ജില്ലയിലെ മന്ത്രിമാരുടെയും മുഖാമുഖ സംവാദം.
Also read:കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കിമാറ്റണം; കൂടുതൽ ഡോക്‌ടർമാർ ഗവേഷണ രംഗത്തേക്ക് വരണമെന്നും മുഖ്യമന്ത്രി
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരണം ഊര്‍ജിതമാക്കാന്‍ ലക്ഷ്യമിട്ട് വലിയ പ്രാധാന്യത്തോടെയാണ് സര്‍ക്കാരും എല്‍ഡിഎഫും മുഖാമുഖം പരിപാടിയെ കാണുന്നത്. ലോക്‌സഭയിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കാനിരിക്കെ പരമാവധി ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള ഇടതുമുന്നണി തീരുമാനത്തിന്‍റെ ഭാഗമാണ് മുഖാമുഖം പരിപാടി. അതേസമയം തെരഞ്ഞെടുത്ത പ്രതിനിധികളുമായി മാത്രം നടത്തുന്ന പരിപാടിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്.