തിരുവനന്തപുരം: നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ശബരിമല മണ്ഡല-മകര വിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തില്‍ നിന്ന് ക്രമസമാധാന ചുമതലയുള്ള വിവാദ എഡിജിപി എംആര്‍ അജിത് കുമാറിനെ ഒഴിവാക്കി. വരുന്ന സീസണില്‍ സുരക്ഷ ക്രമീകരണങ്ങളും മേഖലയിലാകെയുള്ള പൊലീസ് വിന്യാസവും സംബന്ധിച്ച വിശദമായ പദ്ധതി രേഖ അവതരിപ്പിക്കേണ്ടിയിരുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അജിത് കുമാറിനെ ഒഴിവാക്കുകയായിരുന്നു എന്നാണ് സൂചനകള്‍.
ഇതോടെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ സര്‍ക്കാര്‍ ഒഴിവാക്കാന്‍ ഗൗരവമായി ആലോചിക്കുകയാണെന്ന അഭ്യൂഹം ബലപ്പെട്ടു. എംആര്‍ അജിത് കുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്നത്തെ യോഗത്തില്‍ നിന്ന് അജിത് കുമാറിനെ മാറ്റി നിര്‍ത്തിയത്. റിപ്പോര്‍ട്ട് പ്രതികൂലമാണെങ്കില്‍ അജിത് കുമാറിനെ തത്‌സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വരുമെന്നതിലാണ് യോഗത്തില്‍ നിന്ന് ഒഴിവാക്കിയതെന്നറിയുന്നു.
മാത്രമല്ല മറ്റെന്നാള്‍ വീണ്ടും നിയമസഭ സമ്മേളനമാരംഭിക്കുമ്പോള്‍ പ്രതിപക്ഷം അതിശക്തമായി സര്‍ക്കാരിനെതിരെ ഈ വിഷയം ഉന്നയിക്കുമെന്നതില്‍ സംശയമില്ല. അപ്പോള്‍ അജിത് കുമാറിനെ സ്ഥാനത്ത് നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തെ കുറ്റമുക്തനാക്കുന്നു എന്നതിന്‍റെ പിന്‍ബലം മുഖ്യമന്ത്രിക്കുണ്ടായിരിക്കണം. അങ്ങനെയില്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനും ബിജെപി നേതാക്കളുമായി രഹസ്യ ചര്‍ച്ചയ്ക്കുപോയ എഡിജിപിയെ ന്യായീകരിക്കുക എളുപ്പമാവില്ല.