എറണാകുളം:ഒരാൾ ജോലിതേടി പാകിസ്ഥാനിലേക്ക് പോയതുകൊണ്ടുമാത്രം 1971ലെ ഡിഫൻസ് ഓഫ് ഇന്ത്യ നിയമത്തിലെ, റൂൾ130, 138 പ്രകാരം 'ശത്രു'വായി മാറില്ലെന്ന് കേരള ഹൈക്കോടതി. ഒരു 'ശത്രു'വിനൊപ്പം കച്ചവടം നടത്തിയാലല്ലാതെ ഈ നിയമ പ്രകാരം അയാള്‍ ശത്രുവായി മാറില്ലെന്നും കോടതി വ്യക്തമാക്കി .
ഹര്‍ജിക്കാരനായ പി ഉമ്മർ കോയ തൻ്റെ പിതാവ് കുഞ്ഞി കോയയിൽ നിന്നും ബന്ധുക്കളിൽ നിന്നും സമീപത്തെ കുറച്ച് ഭൂമിയും ചില വസ്‌തുവകകളും വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി വന്നത്. കറാച്ചിയിലെ ഒരു ഹോട്ടലിൽ കുറച്ചുകാലം ജോലി ചെയ്‌തിരുന്ന ഹര്‍ജിക്കാരൻ്റെ പിതാവ് കുഞ്ഞി കോയയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾക്കെതിരെ, 'എനിമി പ്രോപ്പർട്ടി ആക്‌ട്' നിയമപ്രകാരം" ആരംഭിച്ച നടപടികൾ റദ്ദാക്കിയാണ് കോടതിയുടെ പ്രസ്‌താവന.
പി ഉമ്മർ കോയ വസ്‌തു നികുതി അടയ്ക്കാൻ പോയപ്പോൾ, 1968 ലെ എനിമി പ്രോപ്പർട്ടി ആക്‌ട് പ്രകാരം നടപടികൾ ആരംഭിച്ചതിനാൽ കസ്‌റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഓഫ് ഇന്ത്യയുടെ (സിഇപിഐ) ഉത്തരവുകളുണ്ടെന്ന് പറഞ്ഞ് നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസർ വിസമ്മതിക്കുകയായിരുന്നു. വിദേശ വ്യാപാര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് നടപടിയെന്നും അയാളെ അറിയിച്ചു. പൗരത്വ നിയമപ്രകാരം, നിക്ഷിപ്‌തമായ അധികാരമുള്ള കേന്ദ്രസർക്കാർ തൻ്റെ പിതാവ് ഇന്ത്യൻ പൗരനാണെന്ന് കൃത്യമായി ഉത്തരവിട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.