കോഴിക്കോട്: കോഴിക്കോട് എൻ എച്ച് 66 ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.
പാലാഴി ഭാഗത്തു നിന്ന് ഫറോക്കിലേക്ക് പോവുകയായിരുന്ന കാർ പന്തിരങ്കാവിനു സമീപം മെട്രോ ഹോസ്‌പിറ്റലിന് മുന്നിലെത്തിയപ്പോഴാണ് തീ പിടിച്ചത്. കാറിൻ്റെ എൻജിന്‍റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന രണ്ടു പേർ ഉടൻ തന്നെ കാർ നിർത്തി പുറത്തിറങ്ങി.
രാത്രി പത്തരയോടെയാണ് കാറിന് തീപിടിച്ചത്. നിമിഷനേരം കൊണ്ട് കാറിലാകെ തീ ആളി പടർന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മെട്രോ ആശുപത്രിയിലെ ജീവനക്കാരും ആദ്യം ആശുപത്രിയിലെ ഫയർ എക്‌സ്‌റ്റിങ്ക്യൂഷർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമം നടത്തി. വിവരമറിഞ്ഞ് മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിൽ നിന്നും മൂന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.