കോഴിക്കോട്:നാട്ടിലേക്കുള്ള യാത്രയ്‌ക്കിടെകാണാതായ മലയാളി സൈനികൻ വിഷ്‌ണുവിനെ കണ്ടെത്തി. ഇന്നലെ (ഡിസംബർ 31) രാത്രി ബെംഗളൂരുവിൽ നിന്നാണ് എലത്തൂർ പൊലീസ് വിഷ്‌ണുവിനെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു എന്നാണ് വിഷ്‌ണു പൊലീസിന് നൽകിയ മൊഴി. വിഷ്‌ണുവിന്‍റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളുരുവിൽ എത്തിയത്.
കഴിഞ്ഞ മാസം 17നാണ് പൂനെ ആർമി സ്പോർട്‌സ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്‌ണുവിനെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി സുരേഷിന്‍റെ മകനായ വിഷ്‌ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സൈനികരുടെ നേതൃത്വത്തിലും വിഷ്‌ണുവിനായി അന്വേഷണം ഊർജിതമാക്കിയിരുന്നു. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിനൊടുവിലാണ് വിഷ്‌ണുവിനെ കണ്ടെത്തിയിരിക്കുന്നത്.
ലീവിന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് ഡിസംബർ 16ന് വിഷ്‌ണു അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. 17ന് കണ്ണൂരിലെത്തിയതായി വാട്‌സ്‌ആപ്പ് സന്ദേശം കൈമാറുകയും ചെയ്‌തു. രാത്രിയായിട്ടും വീട്ടിലെത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്‌തതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.