തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 1994ല്‍ കൊണ്ടു വന്ന ട്രാന്‍സ്പ്ലാന്‍റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ നിയമങ്ങള്‍ക്കനുസൃതമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് 2014ലാണ്. ഈ നിയമത്തിന്‍റെ ചുവടുപിടിച്ച് കേരളത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരാണ് കെ-സോട്ടോ രൂപീകരിച്ചത്. 1995ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‌ട് പ്രകാരമാണ് ഇത് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അതിന് മുമ്പുണ്ടായിരുന്നത് കെ-നോട്ട്‌സ് ആണ് (കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്).
ഇത് മരണാനന്തര അവയവ മാറ്റവുമായി ബന്ധപ്പെട്ട് ആശുപത്രികളെ ഏകോപിപ്പിക്കുന്നതിനുള്ളതായിരുന്നു. നിലവിലെ അവയവമാറ്റ പ്രക്രിയയില്‍ പ്രത്യേകിച്ചും മരണാന്തര അവയവമാറ്റം, ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം എന്നിവയെ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണ് കെ-സോട്ടോ. നിലവില്‍ സംസ്ഥാനത്ത് 49 ആശുപത്രികളാണ് അവയവമാറ്റ സെന്‍ററുകളായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
2023ല്‍ അവയവദാനത്തിന്‍റെ ഭാഗമായി ഒരു പ്രത്യേക വെബ് സൈറ്റും രൂപീകരിച്ചിട്ടുണ്ട്. ഈ വെബ് സൈറ്റില്‍ അവയവ മാറ്റവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്കു ലഭ്യമാണ്. ഇതു കൂടാതെ രോഗികള്‍ക്ക് ആശുപത്രികളിലേക്ക് അവരുടെ വിവരങ്ങള്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. 49 ആശുപത്രികളും ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഇത് അനുസരിച്ചുള്ള ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയാണ് ബന്ധുവേതര അവയവദാനത്തിന് അംഗീകാരം നല്‍കുന്നത്. ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിക്ക് പരിശീലനം നല്‍കുക, മസ്‌തിഷ്‌ക മരണ സ്ഥിരീകരണത്തിനായി ഡോക്‌ടര്‍മാരെ പരിശീലിപ്പിക്കുക, ട്രാന്‍സ്പ്ലാന്‍റ് ഡോക്‌ടര്‍മാര്‍ക്ക് ട്രെയിനിങ് സംഘടിപ്പിക്കുക തുടങ്ങിയവയും കെ-സോട്ടോ നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങളാണ്.
ഇതിനു പുറമേ കെ-സോട്ടോ സമയബന്ധിതമായി ഓഡിറ്റിങ് കൂടി നിര്‍വഹിക്കുന്നു. ഈ വെബ് സൈറ്റില്‍ തന്നെ അവയവദാന സമ്മത പത്രം അപ്ലോഡ് ചെയ്യാന്‍ സാധിക്കും. കേരളത്തില്‍ മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അതോടൊപ്പം നിയമം അനുശാസിക്കുന്ന നിലയില്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉത്തരവാദിത്തമാണ് കെ സോട്ടോ നിര്‍വ്വഹിക്കുന്നത്.