പാലക്കാട്:കഞ്ചിക്കോട് ബ്രൂവറി വിഷയത്തിൽ അടിയന്തിര പ്രമേയമവതരിപ്പിക്കാൻ പോലുമുള്ള ധൈര്യം പ്രതിപക്ഷത്തിനില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. പറയുന്ന കാര്യങ്ങളിൽ ഉറപ്പുണ്ടെങ്കിൽ സബ്‌മിഷനായല്ല നിയമസഭയിൽ വിഷയം അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചിറ്റൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ടെൻഡർ വിളിച്ചില്ല എന്ന പ്രതിപക്ഷത്തിന്‍റെ വാദം തെറ്റാണെന്ന് അവർ സമ്മതിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി ആരോപിച്ചവർ ഇപ്പോൾ അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല. ഇപ്പോൾ ഏക ഉത്‌കണ്‌ഠ വെള്ളത്തിനെ കുറിച്ചാണ്. അഴിമതിയെക്കുറിച്ച് അവർ മിണ്ടുന്നില്ല. അസംബ്ലിയിൽ എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് പ്രതിപക്ഷം പറയാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. 'ആദ്യം കടിച്ചവർ തന്നെ വിഷമിറക്കട്ടെ' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തെ കുറിച്ച് അസംബ്ലിയിൽ സംസാരിക്കാം പ്രതിപക്ഷത്തിന് അതിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ആരോപണങ്ങൾക്കെല്ലാം സഭയിൽ അക്കമിട്ട് മറുപടി പറയുമെന്ന് താൻ പല തവണ വ്യക്തമാക്കിയതാണ്. ബ്രൂവറി വിഷയത്തിൽ അഴിമതി നടന്നെന്ന ആരോപണം പ്രതിപക്ഷവും മാധ്യമങ്ങളും പിൻവലിച്ച മട്ടാണ്. ജലചൂഷണത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം. ടെന്‍ഡർ നൽകാതെയാണ് അനുമതി നൽകിയത് എന്ന വാദം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.