തിരുവനന്തപുരം: പെട്രോൾ, ഡീസൽ ഓട്ടോ ഉപയോഗിച്ചിരുന്ന ഡ്രൈവർമാർ സിഎൻജിയിലേക്കോ ഇലക്ട്രിക് ഓട്ടോയിലേക്കോ മാറിയാലും പഴയ പെർമിറ്റ് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പെർമിറ്റ് നഷ്‌ടപ്പെടുമെന്ന് കരുതി പലരും പുതിയ സിഎൻജി - ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയാലും സ്റ്റാൻഡിൽ കൊണ്ടു വന്നു ഓടുന്നില്ലെന്ന പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
കാർബൺ ന്യൂട്രൽ സർക്കാർ നയത്തിൽ ഇതു പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരിഷ്‌കാരം. അംഗീകൃത ഓട്ടോ സ്റ്റാന്‍റുകളിൽ പെർമിറ്റ് ആവശ്യവുമാണ്. ഇലക്ട്രിക് ഓട്ടോയ്ക്ക് പെർമിറ്റ് ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ട്. എന്നാൽ സ്റ്റാൻഡിൽ ഓടുമ്പോൾ ഇതു ആവശ്യമായി വന്നേക്കാം. ഇത് കാരണം കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഡ്രൈവർമാരുടെ സൗകര്യാർത്ഥമാണ് ഈ മാറ്റമെന്നും മന്ത്രി പറഞ്ഞു.