ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി എംബി രാജേഷിന്‍റെ പ്രതികരണം (Source: ETV Bharat) തിരുവനന്തപുരം : മദ്യനയത്തിലെ ഇളവുകള്‍ക്ക് പണം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ശബ്‌ദ സന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മദ്യനയത്തില്‍ സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടുമില്ല.
പ്രാരംഭ ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല. സംഭവം ഗൗരവത്തോടെയാണ് കാണുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പിരിവിനുള്ള നീക്കമെന്നാണ് മനസിലാക്കുന്നത്. വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ല ഇപ്പോഴത്തെ ഗവണ്‍മെന്‍റ് സ്വീകരിക്കുന്നത്.
സംഭവത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആവശ്യം അദ്ദേഹം നിരസിക്കുകയും ചെയ്‌തു. ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് അനിമോന്‍ ഇടുക്കി ജില്ലയിലെ ബാര്‍ ഹോട്ടലുടമകളോട് രണ്ടര ലക്ഷം വീതം നല്‍കണമെന്ന് സൂചിപ്പിക്കുന്ന ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് എറണാകുളം റിനൈസന്‍സ് ഹോട്ടലില്‍ നടന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ നല്‍കിയ നിര്‍ദേശ പ്രകാരമാണ് പിരിവെന്നും അനിമോന്‍ ബാര്‍ ഉടമകള്‍ക്ക് നല്‍കിയ വാട്‌സ് ആപ്പ് ശബ്‌ദ സന്ദേശത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാന്‍ മാറ്റങ്ങള്‍ വരും. ഡ്രൈ ഡേ ഒഴിവാക്കുക, ബാര്‍ സമയം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് ശബ്‌ദ സന്ദേശം പുറത്തുവന്നത്.
തെരഞ്ഞെടുപ്പ് വന്നാലുടന്‍ പുതിയ പോളിസി വരും, ഇതില്‍ ഡ്രൈ ഡേ എടുത്ത് കളയുമെന്നും ശബ്‌ദ സന്ദേശത്തില്‍ പറയുന്നു. ഇതൊക്കെ ചെയ്‌ത് തരണമെന്നുണ്ടെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം. സംസ്ഥാന വ്യാപകമായി ഇതുവരെ ലഭിക്കേണ്ട തുകയുടെ മൂന്നിലൊന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ, ഇത് കൊടുക്കാതെ ആരും സഹായിക്കില്ല.
ആര്‍ക്കും ആരുമായും ബന്ധമൊന്നുമില്ല. രണ്ടരലക്ഷംവച്ച് കൊടുക്കാന്‍ കഴിയുന്നവര്‍ രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടണം. ആരുടേയും പൈസ പോകില്ല. ഇതിന് കൃത്യമായ കണക്കുണ്ടെന്നും അനിമോന്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ശബ്‌ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ALSO READ:'ഡ്രൈഡേ നീക്കും, രണ്ടരലക്ഷം വീതം നല്‍കണം' ; മദ്യനയത്തിലെ ഇളവിന് പണം നല്‍കാന്‍ ബാര്‍ ഉടമകളുടെ സംഘടനാനേതാവിന്‍റെ ശബ്‌ദസന്ദേശം