കേരളം

kerala

ETV Bharat / state

172 വര്‍ഷത്തെ ചരിത്ര സ്‌മരണകളിലൊന്ന്; ഓര്‍മയാകാന്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ - History Of Mattannur Police Station - HISTORY OF MATTANNUR POLICE STATION

കാലപ്പഴക്കം ഏറെയുള്ള മട്ടന്നൂരിലെ പൊലീസ് സ്റ്റേഷന്‍ ഓര്‍മയാകാനൊരുങ്ങുന്നു.

MATTANNUR POLICE STATION KANNUR  HISTORY OF MATTANNUR POLICE STATION  മട്ടന്നൂർ പൊലീസ് സ്‌റ്റേഷൻ  LATEST NEWS IN MALAYALAM
Krishnakumar Kannoth, Mattannur Police Station (ETV Bharat)

By ETV Bharat Kerala Team

Published : Oct 1, 2024, 4:47 PM IST

കണ്ണൂർ:അധികമാരും അറിയാത്തൊരു ചരിത്രം പേറി മട്ടന്നൂർ ടൗണിൽ നിന്നും അധികം ദൂരെയല്ലാത്തയിടത്തായി ഒരു പഴയ കെട്ടിടമുണ്ട്. കർഷക പോരാട്ട സമരങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷ് സേന അന്തിയുറങ്ങിയ ഒരിടം. ആ കെട്ടിടത്തിനിന്ന് പ്രായം 172 കഴിഞ്ഞു.

ഇനി എത്ര നാൾ ആയുസുണ്ടാകുമെന്ന് പോലും അറിയില്ല. അനേകം വിപ്ലവ പോരാട്ട കഥകൾ ബാക്കിയാക്കി മറ്റൊരിടത്തേക്ക് പറിച്ചു നടുമ്പോൾ ചരിത്ര തിരുശേഷിപ്പുകൾ പോലെ ചിലത് ഓർമകളായി ഉറങ്ങുന്നുണ്ടിവിടെ. ചരിത്ര ഗവേഷകനായ കൃഷ്‌ണകുമാർ കണ്ണോത്ത് മട്ടന്നൂർ പൊലീസ് സ്‌റ്റേഷന്‍റെ കഥ പറഞ്ഞ് തുടങ്ങിയപ്പോൾ ആ മുഖത്ത് ആവേശം അല തല്ലുന്നുണ്ടായിരുന്നു.

ഓര്‍മയാകാന്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ (ETV Bharat)

താനൂർ, തിരൂർ, പൊന്നാനി ഭാഗങ്ങളിൽ നിന്നും വടക്കോട്ട് പലായനം ചെയ്തൊരു കലാപത്തിൽ നിന്ന് തുടങ്ങി ഒരു പൊലീസ് സ്‌റ്റേഷൻ പിറവി കൊണ്ടത് പറഞ്ഞ് തുടങ്ങുകയാണയാൾ. ജന്മിമാർക്കും നാട്ടുപ്രഭുക്കൻമാർക്കുമെതിരെ 1836ലാണ് കർഷകർ പോരിനിറങ്ങുന്നത്. മാപ്പിള കലാപം എന്ന പേരിൽ അറിയപ്പെട്ട ഈ കലാപം അവസാനിക്കുന്നതാകട്ടെ 1852ൽ കണ്ണൂരിലെ കല്യാട്ട് എന്ന ഗ്രാമത്തിലും. 1921ലെ മാപ്പിള കലാപവുമായി ഇതിനൊരു ബന്ധവുമില്ലെന്നതാണ് മറ്റൊരു തലം.

കണ്ണൂരിലെ ഗ്രാമത്തിൽ കലാപം അവസാനിക്കുമ്പോൾ 1952 ജനുവരിയിൽ മട്ടന്നൂരിലെ ജന്മിയായിരുന്ന മധുസൂധനൻ എന്ന തങ്ങളുടെ മുതുമുത്തച്‌ഛന്‍റെ വീട്ടിലേക്കും കലാപത്തിന്‍റെ അലയൊലികൾ വീശിയടിച്ചു. അതിനെ നേരിടാനായിരുന്നു മട്ടന്നൂരിൽ ആദ്യമായൊരു പൊലീസ് ഔട്ട്‌ പോസ്‌റ്റ് വരുന്നത്.

മാപ്പിള കലാപത്തിൽ തുടങ്ങി പിന്നീട് പൊലീസ് സ്‌റ്റേഷൻ കണ്ടത് സ്വാതന്ത്ര്യ സമരത്തിന്‍റെ പോരാട്ട വീര്യങ്ങളെ ആയിരുന്നു. പായം, തില്ലങ്കേരി, മട്ടന്നൂർ കലാപങ്ങളിൽ കർഷകരെ അടിച്ചമർത്താൻ പൊലീസിന് തണൽ നൽകിയതും മട്ടന്നൂർ പൊലീസ് സ്‌റ്റേഷൻ തന്നെ.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്വാതന്ത്ര്യ സമരം തിളച്ചു മറിയുന്നൊരു കാലം. 1940 സെപ്റ്റമ്പർ 15ന് കെപിസിസി ആഹ്വാന പ്രകാരം ദേശീയ പ്രതിഷേധ ദിനം ആചാരിക്കുമ്പോൾ തലശേരി റോഡിലെ വാര്യർ കുളത്തേക്ക് മട്ടന്നൂരിന്‍റെ ഗ്രാമ ഗ്രാമന്തരങ്ങളിൽ നിന്ന് ചെറു ജാഥകൾ സംഘമിച്ച് കൊണ്ടേയിരുന്നു. ഇതിനെ പൊലീസ് നേരിട്ടത് നിരോധനാജ്ഞ കൊണ്ടായിരുന്നു.

നിരോധനാജ്ഞ ലംഘിക്കുന്ന കർഷകരെ നേരിടാൻ സായൂധ പൊലീസ് സജ്ജമായി. ഇരുകൈകളിലും തോക്കേന്തിയായിരുന്നു രാമൻനായർ എന്ന പൊലീസുകാരന്‍റെ വരവ്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ സമരക്കാരും പൊലീസുമായി ഏറ്റുമുട്ടി. കയ്യിൽ കിട്ടിയ ആയുധങ്ങളൊക്കെയും സമരക്കാർ പൊലീസിന് നേരെ പ്രയോഗിച്ചു.

തോക്കിനേക്കാൾ കരുത്ത് ആൾക്കൂട്ടത്തിനായിരുന്നെന്ന് രാമൻ നായർ കൊല്ലപ്പെട്ടതോടെ പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് പ്രക്ഷോഭകർക്കും കർഷകർക്കുമെതിരെ പൊലീസും എംഎസ്‌പിക്കാരും ചേർന്ന് നടത്തിയത് പൊലീസ് രാജ് തന്നെയായിരുന്നു.

പഴശ്ശി രക്തസാക്ഷികളിൽ പ്രധാനിയായ വി അനന്തന്‍റെ മൃതദേഹം എത്തിച്ചതും ഇതേ മട്ടന്നൂർ സ്‌റ്റേഷനിൽ തന്നെയാണെന്നും ചരിത്ര രേഖകൾ പറയുന്നുണ്ട്. സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായുള്ള കള്ള് ഷാപ്പ് പിക്കറ്റിങ് ഉൾപ്പെടെയുള്ള സമരങ്ങളിൽ പോരാളികളെ ബ്രിട്ടീഷ് ഗവൺമെന്‍റ് നേതൃത്വത്തിൽ നേരിട്ടതും ഇതേ പൊലീസ് സ്‌റ്റേഷനിൽ വച്ച് തന്നെ.

ആദ്യകാലത്ത് സ്വാതന്ത്ര്യസമര കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രമായി പ്രവർത്തിച്ച മട്ടന്നൂർ സ്‌റ്റേഷൻ പിന്നീട് ജനമൈത്രി പൊലീസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ ജനങ്ങൾക്കൊപ്പമായി എന്നത് മറ്റൊരു കൗതുകമാണ്.

എന്നാൽ വിപ്ലവ ഓർമകൾ ഉറങ്ങുന്ന സ്‌റ്റേഷന് താഴ് വീഴുകയാണ്. മൂന്ന് കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള ലേലം ഇന്നലെ (സെപ്‌റ്റംബർ 30) നടന്നു. ഇന്ന് (ഒക്‌ടോബർ 1) മുതൽ പുതിയ പൊലീസ് സ്‌റ്റേഷനായുള്ള പണികൾ ആരംഭിക്കും. അതേസമയം മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഉൾപ്പെടെയുള്ളവർ സ്‌റ്റേഷന്‍റെ ചരിത്രം തയ്യാറാക്കിയിട്ടുണ്ട് എന്നത് ചരിത്ര ഗവേഷകർക്ക് കൂടി ഉപകാരപെട്ടേക്കാം.

Also Read:ഒന്നുകിൽ മരം ഒടിഞ്ഞ് വീഴും, അല്ലങ്കിൽ ഷോക്ക് അടിക്കും; കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപത്ത് എത്തുന്നവർ 'ജാഗ്രതൈ'

ABOUT THE AUTHOR

...view details