ഇടുക്കി:മാത്യു കുഴൽനാടന്‍ ഉള്‍പ്പെട്ട ഭൂമി പോക്കുവരവ് കേസില്ർ 2 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി.ഉടുമ്പൻചോല മുൻ ഭൂരേഖ തഹസിൽദാരും നിലവിലെ ഉടുമ്പൻചോല തഹസിൽദാരുമായ എ വി ജോസ്, ചിന്നക്കനാൽ മുൻ വില്ലേജ് ഓഫിസറും നിലവിലെ പള്ളിവാസൽ വില്ലേജ് ഓഫിസറുമായ സുനിൽ കെ പോൾ എന്നിവർക്കെതിരെയാണ് നടപടി.
ഇടുക്കി ജില്ലയിലോ സമീപ ജില്ലയിലോ നിയമിക്കാതെ അപ്രധാന തസ്‌തികയിൽ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് ലാൻഡ് റവന്യു കമ്മിഷണർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എ വി ജോസിനെ ആലപ്പുഴ ജില്ലയിലേക്കും സുനിൽ കെ പോളിനെ വയനാട് ജില്ലയിലേക്കും സ്ഥലംമാറ്റിക്കൊണ്ട് ലാൻഡ് റവന്യു കമ്മിഷണർ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
മിച്ച ഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയിലെ റിസോർട്ട് ആണ് മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയതെന്നാണ് റവന്യു വകുപ്പിന്‍റെയും വിജിലൻസിന്‍റെയും കണ്ടെത്തൽ. രജിസ്ട്രേഷനും പോക്കുവരവും സാധ്യമല്ലാത്ത ഭൂമിയാണ് മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു. നികുതി തട്ടിപ്പ് നടത്തി, 50 സെന്‍റ് ഭൂമി അധികമായി കൈവശം വച്ചു, മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം രജിസ്ട്രേഷൻ നടത്തി എന്നിവ ഉൾപ്പെടെയുള്ള ക്രമക്കേടുകളായിരുന്നു വിജിലൻസ് കണ്ടെത്തിയത്.