കണ്ണൂര്‍:ഏതാണ്ട് രണ്ടര നൂറ്റാണ്ട് മുമ്പ് മാഹി നഗരസഭ രൂപീകരിക്കപ്പെടുമ്പോള്‍ ഭാരതത്തിന്‍റെ പല ഭാഗങ്ങളിലും നഗരസഭ എന്ന സങ്കല്‍പ്പം പോലും ഉരുത്തിരിഞ്ഞിരുന്നില്ല. ഫ്രഞ്ച് കോളനിയായിരിക്കെയാണ് മാഹി നഗരസഭയായത്. ഫ്രഞ്ച് ഭരണകാലത്ത് യഥാസമയം നഗരസഭയിലേക്ക് തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നതായും ചരിത്രം പറയുന്നു. പിന്നെയും വളരെക്കഴിഞ്ഞാണ് രാജ്യാന്തര തലത്തില്‍ പാര്‍ലമെന്‍ററി - ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത്. അതിന്‍റെ ചുവടുപിടിച്ചാണ് ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന ചുവടുവയ്‌പ്പായ അധികാര വികേന്ദ്രീകരണം രാജ്യത്ത് നടപ്പായത്.
അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന നാളുകളില്‍ ഫ്രഞ്ച് അധീനതയിലായിരുന്നെങ്കിലും കൃത്യമായി തെരഞ്ഞെടുപ്പുകള്‍ നടത്തി ജനകീയ ഭരണം നിലനിന്നിരുന്ന മാഹി മലയാളികള്‍ക്ക് വിസ്‌മയമായിരുന്നു. കാലം പോകെ അട്ടിമറിക്കപ്പെട്ട തദ്ദേശ ഭരണ സംവിധാനങ്ങളുമായി ജനാധിപത്യ സംവിധാനമില്ലാത്ത നഗരസഭയായി മാഹി മാറിയത് വിധി വൈപരീത്യം. മാഹി നഗരസഭയില്‍ ജനാധിപത്യ സംവിധാനം നിലച്ചിട്ട് എട്ട് വര്‍ഷം തികയുന്നു. പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ എന്ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പറയാനാകുന്നുമില്ല. നഗരസഭയില്‍ ജനാധിപത്യ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് സമരവേലിയേറ്റമാണ് മാഹിയില്‍.
"36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു തെരഞ്ഞെടുപ്പ് നടന്നു. പിന്നെ 15 വര്‍ഷമായി ഒരു തെരഞ്ഞെടുപ്പുമില്ല. അധികാരം കൈമാറുന്നില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അധികാരം നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും കൈമാറാന്‍ കൂട്ടാക്കുന്നില്ല. കേന്ദ്ര ഫണ്ട് നഷ്‌ടമാകുന്നു. സ്ഥിരം കമ്മിഷണറില്ല. ലൈസന്‍സ് ഫീ അടച്ചിട്ടും ലൈസന്‍സ് ലഭിക്കുന്നില്ല. തെരുവ് നായ ശല്യം. തെരുവുനായകളെ നിയന്ത്രിക്കാന്‍ സംവിധാനമില്ല. വലിയ തോതില്‍ മുറവിളി ഉയരുമ്പോള്‍ പുതുച്ചേരി സര്‍ക്കാര്‍ എതെങ്കിലും ഉദ്യോഗസ്ഥരെ മാഹിയിലേക്ക് അയക്കും. അവര്‍ക്ക് മാഹിയുടെ സാഹചര്യം അറിയില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാനാവില്ല. ഇനിയും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ മാഹി ജനത പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിക്കുകയാണ്. ജനശബ്‌ദം സംഘടനയുടെ സമരപരിപാടിയെത്തുടര്‍ന്ന് വ്യാപാരി സംഘടനയും സമര രംഗത്തിറങ്ങുകയാണ്. വിവിധ യുവജന പ്രസ്ഥാനങ്ങളും സമരത്തിനിറങ്ങും"വ്യാപാരി നേതാവ് കെ.കെ അനില്‍കുമാര്‍ പറഞ്ഞു.
നഗരഭരണം കുത്തഴിഞ്ഞു കിടക്കുകയാണ്. ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനുള്ള ഭരണ സമിതി ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥ ഭരണമാണ് മാഹി നഗരസഭയില്‍ നടക്കുന്നത്. നഗരസഭ കമ്മിഷണറോ മാനേജരോ ഇല്ലാത്ത സാഹചര്യം. എല്ലാം പുതുച്ചേരിയില്‍ നിന്ന് അയക്കുന്ന റീജിയണല്‍ അഡ്‌മിനിസ്ട്രേറ്ററില്‍ കേന്ദ്രീകരിക്കുന്നു. അസിസ്റ്റന്‍റുമാര്‍, യുഡി ക്ലാര്‍ക്കുമാരുള്‍പ്പെടെ നാല് ക്ലാര്‍ക്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍, അസി എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, ഇലക്ട്രീഷ്യന്‍, തുടങ്ങി 46 തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. 70 പേര്‍ ജോലി ചെയ്‌തിരുന്ന മയ്യഴി നഗരസഭയില്‍ ഇപ്പോഴുള്ളത് 24 പേര്‍ മാത്രം.