തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലപാതകം. സഹോദരനും പെണ്‍സുഹൃത്തും ഉള്‍പ്പെടെ 5 പേരെ യുവാവ് കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ (23) ആണ് ക്രൂര കൊലപാതകം നടത്തിയത്. 6 പേരെ വെട്ടിക്കൊന്നെന്നാണ് പൊലീസ് സ്റ്റേഷനിലെത്തി യുവാവ് വെളിപ്പെടുത്തിയത്. ഇതിൽ വെഞ്ഞാറമൂട്, പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധികളിൽ മൂന്നിടങ്ങളിലായി നടന്ന അഞ്ച് കൊലപാതകങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചു.
വെട്ടേറ്റ മാതാവ് ഷെമി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊല്ലപ്പെട്ടവരിൽ 5 പേരും അഫാൻ്റെ ബന്ധുക്കളാണ്. മൂന്ന് വീടുകളിൽ നിന്നായി ആറ് പേരെയായിരുന്നു പ്രതി ആക്രമിച്ചത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി.
തലസ്ഥാനത്ത് കൂട്ടക്കൊല (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവാവിൻ്റെ പിതൃമാതാവ് സൽമാബീവിയെയും (88), 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫർസാനയെയും പ്രതിയുടെ പാങ്ങോട്ടുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എസ് എൻ പുരം ചുള്ളാളത്ത് വച്ചാണ് ബന്ധുവായ ദമ്പതികള്‍ ലത്തീഫ്, ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസം മുൻപ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇത് കൊടുക്കാത്തതിൻ്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്.
കൊലപാതകത്തിന് ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്. പിതാവിൻ്റെ കൂടെ വിദേശത്തായിരുന്ന പ്രതി. അടുത്തിടെയാണ് തിരിച്ചു വന്നത്. വിദേശത്ത് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വൻ തുകകൾ കടം വാങ്ങിയിരുന്നതായും പ്രതി പൊലീസിന് പ്രാഥമിക മൊഴി നൽകിയതായാണ് വിവരം.
പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറയുന്നതിനിടെ താൻ എലി വിഷം കഴിച്ചതായി പൊലീസിനോട് അഫാൻ വെളിപ്പെടുത്തി. ഇതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. അനിയൻ അഫ്‌സാൻ വെഞ്ഞാറമൂട് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ ചുമതലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Also Read:തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി